അപകടത്തിൽപ്പെട്ട കാർ| ചിത്രം വീഡിയോയിൽ നിന്ന്

അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വൈറലായെങ്കിലും വലിയ ചര്‍ച്ചകളും ഇതിന് പിന്നാലെ നടക്കുന്നുണ്ട്. ഡ്രൈവിങ്ങിലെ പരിചയക്കുറവിനെ പഴിച്ച് ഒരു വിഭാഗം രംഗത്ത് വരുമ്പോള്‍ സുധാകറിന്റെ നിസ്സഹായതയ്ക്കും സങ്കടത്തിനും ഒപ്പം ഒരു വിഭാഗവുമുണ്ട്.

ചെന്നൈ: ആറ്റുനോറ്റുവാങ്ങിയ കാറിന്റെ പുതിയ യാത്രയില്‍ എല്ലാ വിഘ്നങ്ങളും മാറ്റാന്‍ ക്ഷേത്രത്തില്‍ പൂജയ്ക്കെത്തിയതായിരുന്നു തമിഴ്നാട് കടലൂരിലെ സുധാകര്‍. കുടുംബവും സുഹൃത്തുക്കളും ഒപ്പവുമുണ്ടായിരുന്നു. സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിന്റെ നിമിഷങ്ങള്‍.

പൂജാ ചടങ്ങുകളൊക്കെ മനോഹരമായി കഴിഞ്ഞ് വാഹനത്തില്‍ ആദ്യ യാത്രയ്ക്കുമൊരുങ്ങി. പക്ഷെ നിമിഷങ്ങള്‍ക്കുള്ളിള്‍ ആ സന്തോഷം സുധാകറിന്റെ സങ്കടത്തിന് വഴിമാറി. വാഹനമെടുത്തപ്പോള്‍ ബ്രേക്കിന് പകരം അറിയാതെ ആക്‌സിലറേറ്ററില്‍ കാല്‍വെച്ചുപോയതോടെ വാഹനത്തിന്റെ നിയന്ത്രണം പോയി. അതേ ക്ഷേത്രത്തിന്റെ തന്നെ തൂണുകളിലേക്ക് ഇടിച്ചുകയറി നിയന്ത്രണമില്ലാതെ വാഹനം ക്ഷേത്രത്തിന് ഉള്ളിലേക്ക് പോയി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വൈറലായെങ്കിലും വലിയ ചര്‍ച്ചകളും ഇതിന് പിന്നാലെ നടക്കുന്നുണ്ട്. ഡ്രൈവിങ്ങിലെ പരിചയക്കുറവിനെ പഴിച്ച് ഒരു വിഭാഗം രംഗത്ത് വരുമ്പോള്‍ സുധാകറിന്റെ നിസ്സഹായതയ്ക്കും സങ്കടത്തിനും ഒപ്പം ഒരു വിഭാഗവുമുണ്ട്. ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാമെന്ന്‌ ചൂണ്ടിക്കാട്ടി സുധാകറിനൊപ്പം നില്‍ക്കുന്നവരും ഏറെയാണ്. കടലൂര്‍ ജില്ലയിലെ ശ്രീമുഷ്‌നം ഭാഗത്താണ് സംഭവം നടന്നതെന്ന കുറിപ്പോട് കൂടിയാണ്‌ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.