Photo: PTI

മുംബൈ: പ്ലേ ഓഫ് കാണാതെ ടീം പുറത്തായതോടെ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സിലെ മുതിര്‍ന്നതാരങ്ങള്‍ അതൃപ്തരെന്ന് റിപ്പോര്‍ട്ട്. സീസണില്‍ മുംബൈയെ നയിച്ച പാണ്ഡ്യയുടെ നായകത്വത്തില്‍ മുതിര്‍ന്ന താരങ്ങളില്‍ ചിലര്‍ സന്തുഷ്ടരെല്ലന്നാണ് പുറത്തുവരുന്ന വിവരം.

ടീമിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയാണെന്ന് രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ പരിശീലകരോടു പരാതി പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള പരാതികളും ടീമിന്റെ മോശം പ്രകടനത്തിന്റെ കാരണങ്ങളും മറ്റ് നിര്‍ദേശങ്ങളും ഇവര്‍ ടീം മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിനു ശേഷം ഹാര്‍ദിക്, യുവതാരം തിലക് വര്‍മയെ കുറ്റപ്പെടുത്തി സംസാരിച്ചതും ടീം അംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഹൈദരാബാദ് തോല്‍പ്പിച്ചതോടെയാണ് പ്ലേ ഓഫിലെത്താമെന്ന മുംബൈയുടെ അവസാനപ്രതീക്ഷയും തകര്‍ന്നത്. സീസണില്‍ 12 കളിയിലായി നാലുജയം മാത്രമാണ് ടീം നേടിയത്. എട്ടുകളിയില്‍ തോറ്റു. പാണ്ഡ്യയുടെ പലതീരുമനങ്ങളും വിമര്‍ശിക്കപ്പെടുകയും ചെയ്തു.

അപ്രതീക്ഷിതമായിട്ടാണ് മുംബൈ മാനേജ്മെന്റ് പാണ്ഡ്യയെ ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനത്ത് അവരോധിച്ചത്. രോഹിത് ശര്‍മയെ പൊടുന്നനെ മാറ്റിയത് ആരാധകരുടെ രോഷത്തിന് കാരണമാവുകയും ചെയ്തു. ആദ്യമത്സരംമുതല്‍ ആരാധകര്‍ പാണ്ഡ്യയെ ലക്ഷ്യമിടുകയും ചെയ്തു.

പാണ്ഡ്യയുടെ വരവില്‍ ബുംറ, സൂര്യകുമാര്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ അതൃപ്തരാണെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, മികച്ച പ്രകടനം ടീം നടത്തിയാല്‍ അതിനെ മറികടക്കാമെന്നായിരുന്നു മാനേജ്മെന്റ് കണക്കുകൂട്ടിയത്. സീസണിലെ പ്രകടനം മോശമായതോടെ ആരാധകരോഷം തണുപ്പിക്കാനും ടീമിന്റെ പ്രതാപം വീണ്ടെടുക്കാനും പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കേണ്ടിവരും. അതിനിടെയിലാണ് മുതിര്‍ന്ന താരങ്ങളുടെ അതൃപ്തി മറനീക്കി പുറത്തുവരുന്നത്. എങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പാണ്ഡ്യയെ മുംബൈ മാറ്റിയേക്കില്ല. പുതിയ ക്യാപ്റ്റന്‍ വന്നപ്പോഴുള്ള സ്വാഭാവികമായ പ്രശ്‌നങ്ങള്‍ മാത്രമാണിതെന്ന നിലപാടാണ് മാനേജ്‌മെന്റിനുള്ളതെന്നാണ് വിവരം. ഇക്കാരണത്താല്‍ തന്നെ അടുത്ത സീസണിലും ഹാര്‍ദിക് തന്നെ മുംബൈയെ നയിച്ചേക്കും.