Photo: twitter.com/lnstantFoot

ബെര്‍ലിന്‍: അപരാജിതക്കുതിപ്പില്‍ റെക്കോഡിട്ട് ബയേര്‍ ലെവര്‍കൂസന്‍ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ എഎസ് റോമയ്‌ക്കെതിരേ 2-2 സമനില നേടി ഇരുപാദങ്ങളിലുമായി 4-2ന്റെ ജയത്തോടെയാണ് ലെവര്‍കൂസന്റെ ഫൈനല്‍ പ്രവേശനം. റോമയുടെ മൈതാനത്ത് നടന്ന ആദ്യപാദ സെമിയില്‍ ലെവര്‍കൂസന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചിരുന്നു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ 81 മിനിറ്റുവരെ രണ്ടു ഗോളുകള്‍ക്ക് പിന്നിലായ ശേഷമായിരുന്നു ലെവര്‍കൂസന്റെ തിരിച്ചുവരവ്. എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലുമായി ലെവര്‍കൂസന്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കുന്ന 49-ാം മത്സരമായിരുന്നു ഇത്. ഇതോടെ യൂറോപ്പിലെ മേജര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കുന്ന ടീമെന്ന റെക്കോഡും ജര്‍മന്‍ ക്ലബ്ബ് സ്വന്തമാക്കി. ബെന്‍ഫിക്കയുടെ 59 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ലെവര്‍കൂസന്‍ പഴങ്കഥയാക്കിയത്. 1963-1965 കാലഘട്ടത്തില്‍ തോല്‍വിയറിയാതെ 48 മത്സരങ്ങളാണ് ബെന്‍ഫിക്ക പൂര്‍ത്തിയാക്കിയിരുന്നത്.

ലിയാണ്‍ഡ്രോ പരേഡെസ് 43, 66 മിനിറ്റുകളില്‍ നേടിയ പെനാല്‍റ്റി ഗോളുകളിലാണ് റോമ മുന്നിലെത്തിയിരുന്നത്. ഇതോടെ ലെവര്‍കൂസന്റെ അപരാജിത കുതിപ്പ് അവസാനിച്ചേക്കുമെന്ന തോന്നലുയര്‍ന്നു. എന്നാല്‍ 82-ാം മിനിറ്റില്‍ ജിയാന്‍ലൂക്ക മാന്‍ചീനിയുടെ സെല്‍ഫ് ഗോളില്‍ ഒരു ഗോള്‍ മടക്കിയ ലെവര്‍കൂസന്‍ ഇന്‍ജുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ ജോസിപ് സ്റ്റാനിസിച്ച് നേടിയ ഗോളില്‍ സമനിലയും ഫൈനല്‍ ബര്‍ത്തും സ്വന്തമാക്കുകയായിരുന്നു. മേയ് 23- ന് നടക്കുന്ന ഫൈനലില്‍ ലെവര്‍കൂസന്‍, അറ്റ്‌ലാന്റയെ നേരിടും.