എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തൃശ്ശൂരിൽ പാർട്ടി അക്കൗണ്ട് മരവിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രവർത്തനം മരവിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബി.ജെ.പി. തീരുമാനം അനുസരിച്ചായിരുന്നു നീക്കം. നിയമാനുസൃതം പിൻവലിച്ച പണം ഉപയോഗിക്കാൻ ഇ.ഡിയുടെ അനുമതി വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിൽ പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിയെ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് തികച്ചും തെറ്റായരീതിയിലാണ്. നിയമവിധേയമായി, കൃത്യമായി കണക്കുകൾ സൂക്ഷിക്കുകയും ആദായ നികുതി വകുപ്പിന് നൽകുകയും ചെയ്യുന്ന പാർട്ടിയാണ് സി.പി.എം. അഖിലേന്ത്യാ അടിസ്ഥാനത്തിൽ പാർട്ടിക്ക് ഒരു പാൻ നമ്പറാണുള്ളത്. പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഉൾപ്പെടെയുള്ള എല്ലാ അക്കൗണ്ടുകൾക്കും ഉപയോഗിക്കുന്നത് ഇതേ നമ്പർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ ബാങ്കിന്റെ വീഴ്ചകൊണ്ട് പാൻനമ്പർ തെറ്റായി രേഖപ്പെടുത്തി. ടി.എന്നതിന് പകരം ജെ എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ നിയമപരമായി അനുവദനീയമായ ഇടപാടുകൾ മാത്രമേ പാർട്ടിനടത്തിയിട്ടുള്ളുവെന്നും മുപ്പത് വർഷത്തോളമായി ഈ അക്കൗണ്ട് നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെജ്‌രിവാളിന് ഇടക്കാലജാമ്യം നൽകിയതിനെ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്വാഗതംചെയ്തു. ഫാസിസത്തിലേക്ക് ഇന്ത്യ എത്തിച്ചേർന്നിട്ടില്ല എന്നതാണ് ഇത് കാണിക്കുന്നതെന്നും ഇന്ത്യയുടെ നിലനില്പിന്റെ പ്രശ്നമാണ് സുപ്രീം കോടതി ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇത്രയും ദുർബലനായ ഒരു പ്രധാനമന്ത്രി ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് നരേന്ദ്ര മോദിയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയവും വിട്ട് ജാതിയും മതവും വർഗീയതയും പ്രചരിപ്പിക്കുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അപമാനകരമായ ചിത്രമാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഇതുപോലെ ചീപ്പായ, ദുർബലനായ പ്രധാനമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. നെഞ്ചളവിന്റെ വീതിയിലും നീളത്തിലും എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. എല്ലാം തകർന്ന് തരിപ്പണമായി. നാട്ടിലെ ആർ.എസ്.എസുകാരന്റെ നിലവാരം പോലും ഇന്ത്യൻ പ്രധാനമന്ത്രിയുടെ വർഗീയ പ്രചാരണത്തോട് താരതമ്യം ചെയ്യാൻ സാധിക്കില്ല. അത്രയും ദുരന്തപൂർണമായ രീതിയിലേക്കാണ് പ്രധാനമന്ത്രി എത്തിച്ചേർന്നിരിക്കുന്നത്, എം.വി. ഗോവിന്ദൻ പറഞ്ഞു.
ഗാസയിൽ ഇസ്രയേൽ അക്രമണങ്ങൾ അഴിച്ചുവിടുന്നു. നേരത്തെ തന്നെ ഹമാസ് വെടിനിർത്തൽ നടപ്പാക്കിയ ഇടങ്ങൾ ഇസ്രയേൽ അക്രമിച്ച് കീഴടക്കുന്നു. അമേരിക്ക ഉൾപ്പെടെ ലോകത്തിലെ നാനാഭാഗങ്ങളിലും ഇസ്രയേലിനെതിരേയുള്ള പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുന്നു. ഇസ്രയേൽ സ്വീകരിക്കുന്ന നയത്തിനെതിരേ വിദ്യാർഥികളും പൊതുജനങ്ങളുൾപ്പെടെയുള്ളവരും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടത്തുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി.പി.എം. സംസ്ഥാനത്തുടനീളം മേയ് 20-ന് മുമ്പായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ പോകുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന്, അയാൾ പാർട്ടിയിലുള്ള ആളല്ലെന്നും പാർട്ടിയിൽനിന്ന് പുറത്തുനിൽക്കുന്ന ആളാണെന്നുമായിരുന്നു മറുപടി. പലരും തന്നെ കാണാൻ വരുന്നുണ്ടെന്ന് അയാൾ തന്നെപറയുന്നുണ്ട്. ഇനി അഥവാ പോകുന്നുണ്ടെങ്കിൽ പോട്ടെ എന്ന് വെക്കും. പോയാൽ പ്രശ്നമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
