ബി.പി.സി.എൽ. ഡ്രൈവറെ സി.ഐ.ടി.യു. തൊഴിലാളികൾ മർദിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ
അവിടെയുണ്ടായിരുന്നവരില്‍ ഒരാള്‍ ശ്രീകുമാറിനെ പിടിച്ചുവെക്കുകയും മറ്റൊരാള്‍ മര്‍ദിക്കുകയുമായിരുന്നു
കൊച്ചി: കൊച്ചി ബി.പി.സി.എല്‍. പാചകവാതക പ്ലാന്റിലെ കരാര്‍ ഡ്രൈവര്‍ക്ക് സി.ഐ.ടി.യു. കയറ്റിറക്ക് തൊഴിലാളികളുടെ ക്രൂരമര്‍ദ്ദനം. തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തര്‍ക്കത്തെ തുടര്‍ന്നാണ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്. എസ്.ടി.എം. ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിലെ കരാര്‍ ഡ്രൈവറായ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബി.പി.സി.എല്‍. ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയാണ്. ഇതോടെ ഏഴ് ജില്ലകളിലേക്കുള്ള പാചകവാതക വിതരണം നിലച്ചു. ബി.പി.സി.എല്‍. പാചകവാതക പ്ലാന്റില്‍നിന്ന് തൃശ്ശൂര്‍ കൊടകര ശ്രീമോന്‍ ഏജന്‍സിയില്‍ ലോഡിറക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. 17.50 രൂപ കുറഞ്ഞു എന്നാരോപിച്ചാണ് അവിടെയുണ്ടായിരുന്ന കയറ്റിറക്ക് തൊഴിലാളികള്‍ ശ്രീകുമാറിനെ ക്രൂരമായി മര്‍ദിച്ചത്.
ലോഡ് ഇറക്കുന്നതിന് 17.50 അധികമായി ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ പണം ഡ്രൈവര്‍ നല്‍കുകയാണെങ്കില്‍ ഇത് ഡ്രൈവറുടെ ശമ്പളത്തില്‍നിന്ന് കരാറുകാര്‍ ഈടാക്കുമെന്ന് കയറ്റിറക്ക് തൊഴിലാളികളെ ഡ്രൈവര്‍ അറിയിക്കുകയും പണം നല്‍കാന്‍ വിസമ്മതിക്കുകയുമായിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതരായാണ് തൊഴിലാളികള്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്.
അവിടെയുണ്ടായിരുന്നവരില്‍ ഒരാള്‍ ശ്രീകുമാറിനെ പിടിച്ചുവെക്കുകയും മറ്റൊരാള്‍ മര്‍ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റതിന് പിന്നാലെ ശ്രീകുമാര്‍ തൃശൂരിലെ ആശുപത്രിയില്‍നിന്ന് ചികിത്സ തേടിയിരുന്നു. എന്നാല്‍, തിരികെ കൊച്ചിയില്‍ എത്തിയിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
അതേസമയം, സംഭവം നടന്ന് ഇത്രയും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ലെന്നാണ് ആരോപണം. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ നിസ്സഹകരണം തുടരുമെന്ന് ബി.പി.സി.എല്‍. ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുക്കണമെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സി.ഐ.ടി.യു. ബി.പി.സി.എല്‍. മേഖലാ സെക്രട്ടറി ഷിബു പറഞ്ഞു.
