ചെങ്കമലപ്പട്ടിയിലെ പടക്ക നിർമാണശാലയിൽ സ്ഫോടനമുണ്ടായ സ്ഥലം
ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം സെങ്കമലപ്പട്ടിയിലെ സ്വകാര്യ പടക്കനിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളും മൂന്നുപേർ പുരുഷന്മാരുമാണ്.
അപകടത്തിൽ പരിക്കേറ്റ 12-ഓളം പേരെ ശിവകാശിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയരുമെന്നാണ് സൂചന. സ്ഥലത്ത് പോലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഫോടനമുണ്ടായ കെട്ടിടത്തിലെ 10 മുറികൾ പൂർണമായി തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
