photo: twitter.com

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് കനത്ത തോല്‍വി വഴങ്ങിയതിനു പിന്നാലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, ലഖ്‌നൗ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്.

മത്സരശേഷം ലഖ്‌നൗ ഡഗ്ഔട്ടിനടുത്തുവെച്ചായിരുന്നു സംഭവം. അതൃപ്തനായി തുടര്‍ച്ചയായി തന്നോട് സംസാരിക്കുന്ന സഞ്ജീവിനു മുന്നില്‍ രാഹുല്‍ മറുപടിയില്ലാതെ നിസ്സഹായനായി നില്‍ക്കുന്നതും കാണാം. ഇതോടെ സഞ്ജീവിനെതിരേ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്.

മത്സരത്തില്‍ 10 വിക്കറ്റിനാണ് ലഖ്‌നൗ തോറ്റത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ കഷ്ടിച്ചാണ് 20 ഓവറില്‍ 165 റണ്‍സെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗ ബൗളര്‍മാരെ കടന്നാക്രമിച്ച ഹൈദരാബാദ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും വെറും 9.4 ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചു.

ഇതോടെ ഇഴഞ്ഞുനീങ്ങിയ ലഖ്‌നൗ ബാറ്റിങ്ങിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. അഭിഷേകും ഹെഡും അടിച്ചുതകര്‍ത്ത പിച്ചില്‍ 33 പന്തില്‍ നിന്ന് വെറും 29 റണ്‍സ് മാത്രമെടുത്ത രാഹുലിന്റെ ഇന്നിങ്‌സും വിമര്‍ശിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് സഞ്ജീവ് ഗോയങ്കയുടെ ദൃശ്യവും പുറത്തുവന്നിരിക്കുന്നത്.