ഡെന്നിസ്‌ ക്ളീറ്റസ്‌

കൊല്ലം: ഈസ്റ്റര്‍ ദിനത്തില്‍ സുഹൃത്തിനെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഒളിവില്‍പ്പോയ ആള്‍ പള്ളിത്തോട്ടം പോലീസില്‍ കീഴടങ്ങി. ചീട്ടുകളിക്കിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

മാര്‍ച്ച് 31-ന് പകല്‍ പോര്‍ട്ട് കൊല്ലം ഹാര്‍ബര്‍ ഷാലോംനഗര്‍ നിവാസിയായ ഷാബു സേവ്യറും കൂട്ടുകാരും ഗള്‍ഫില്‍നിന്നുവന്ന ഡെന്നിസ് ക്ലീറ്റസും ചീട്ട് കളിച്ചിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തല്ലുണ്ടാക്കാന്‍ ശ്രമിച്ച ഡെന്നിസിനെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ചുമാറ്റി. ഇതിന്റെ വിരോധത്തില്‍ രാത്രി ഒന്‍പതരയ്ക്ക് ഷാബുവിന്റെ വീട്ടുകാര്‍ പള്ളിയില്‍പോയ സമയം ഡെന്നിസ് ഷാബുവിന്റെ വീട്ടിലെത്തി.

ഉറങ്ങിക്കിടന്നിരുന്ന ഷാബുവിനെ വിളിച്ചുണര്‍ത്തി തടിക്കഷണംകൊണ്ട് തലയിലും വാരിയെല്ലിലും അടിച്ചു. വാരിയെല്ല് പൊട്ടി ഷാബു അവശനായെന്ന് അറിഞ്ഞതോടെ പ്രതി രക്ഷപ്പെട്ട് ചെന്നൈയിലും ബെംഗളൂരുവിലും എറണാകുളത്തും ഒളിവില്‍ക്കഴിഞ്ഞു. കൊല്ലം സെഷന്‍സ് കോടതിയില്‍നിന്നും ഹൈക്കോടതിയില്‍നിന്നും ജാമ്യംനേടാന്‍ ശ്രമിച്ചെങ്കിലും കോടതികള്‍ ജാമ്യാപേക്ഷ തള്ളി. കീഴ്ക്കോടതിയില്‍ കീഴടങ്ങിയ പ്രതിയെ പള്ളിത്തോട്ടം പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ റിമാന്‍ഡിലാണ്.