കഴിഞ്ഞവർഷം വനിതകളുടെ ട്രയാത്‌ലൺ മത്സരം സെൻ നദിയിൽ നടന്നപ്പോൾ | Photo: AFP

കാലങ്ങളായി ‘കലങ്ങി’ക്കിടക്കുന്ന പാരീസിലെ സെന്‍ നദി ഒളിമ്പിക്‌സിനോടനുബന്ധിച്ച് ക്ലീന്‍ ആകുന്നു. അഴുക്കും രോഗാണുഭീഷണയുമില്ലാതെ നദി തെളിഞ്ഞാലേ ഇവിടെ ഗെയിംസിലെ മത്സരങ്ങള്‍ നടത്താനാകൂ. മാത്രമല്ല, ഒളിമ്പിക്‌സ് ഉദ്ഘാടനത്തിലെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കേണ്ട താരങ്ങളെ ഈ നദിയിലൂടെ ബോട്ടില്‍ കൊണ്ടുപോകാനും സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.

ഗെയിംസിലെ മാരത്തണ്‍ നീന്തല്‍, ട്രയാത്തലണ്‍ നീന്തല്‍ എന്നിവ സെന്‍ നദിയില്‍ നടത്താനാണ് ആലോചന. അതിനുമുമ്പ് നദി ശുദ്ധമാകണം. അല്ലെങ്കില്‍ മത്സരങ്ങള്‍ മറ്റുസ്ഥലത്തേക്ക് മാറ്റേണ്ടിവരും. കഴിഞ്ഞവര്‍ഷം ഇവിടെ നടക്കേണ്ട ട്രയല്‍സ് വെള്ളത്തിന്റെ അപകടാവസ്ഥകാരണം മാറ്റിവെച്ചിരുന്നു.

വടക്കന്‍ ഫ്രാന്‍സിലൂടെ ഒഴുകുന്ന സെന്‍ നദിക്ക് 777 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. പാരീസ് നഗരത്തിന്റെ മാലിന്യങ്ങളെല്ലാം അടിഞ്ഞുകൂടുന്ന സ്ഥലമാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നഗരമായതിനാല്‍ ഇവിടുത്തെ അഴുക്കുചാലുകള്‍ ശാസ്ത്രീയമല്ല. ഇവിടെനിന്നുള്ള മാലിന്യം നേരിട്ടു നദിയിലെത്തും. ഇക്കാരണത്താല്‍ 1923-ല്‍ത്തന്നെ ഇവിടെ നീന്തല്‍ നിരോധിച്ചിരുന്നു. സമീപകാലത്തെ കനത്ത വെള്ളപ്പൊക്കത്തില്‍ നദി കരകവിയുകയുംചെയ്തു.

ഒളിമ്പിക്‌സിനു മുന്നോടിയായി നദിയെ മാലിന്യമുക്തമാക്കാനും അഴുക്കുചാല്‍ നവീകരണത്തിനുമായി ഏകദേശം 12000 കോടി രൂപയുടെ പദ്ധതി 2018-ല്‍ തുടങ്ങിയിരുന്നു. മാലിന്യം നദിയിലെത്തുന്നതുതടയാനും ജലം ശുദ്ധീകരിക്കാനുമായി പണിത കൂറ്റന്‍ ജലസംഭരണി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ശുദ്ധീകരണ പദ്ധതി ഫലം കാണുന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുറച്ചുകാലംമുമ്പ് നദിയില്‍ മൂന്ന് മീന്‍വര്‍ഗങ്ങള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 35 വര്‍ഗങ്ങളുണ്ട്.

ജൂലായ് 26-ന് ഒളിമ്പിക്‌സ് തുടങ്ങുംമുമ്പ് നദി പൂര്‍ണമായും ശുദ്ധമാകുമെന്നും മത്സരം തുടങ്ങുംമുമ്പ് ഇതിലൂടെ നീന്തുമെന്നും പാരീസ് മേയര്‍ ആന്‍ ഹാല്‍ഡാഗോ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. തനിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും നീന്താനുണ്ടാകുമെന്നും ആന്‍ പറഞ്ഞു.