Photo: AP
ന്യൂഡല്‍ഹി: ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് വിലക്ക് ഏര്‍പ്പെടുത്തി അന്താരാഷ്ട്ര ഗുസ്തി സംഘടന (യു.ഡബ്ല്യു.ഡബ്ല്യു.). ഈവര്‍ഷം അവസാനംവരെ വിലക്ക് നിലനില്‍ക്കും. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് നേരത്തേ നാഡ ബജ്‌റംഗിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് യു.ഡബ്ല്യു.ഡബ്ല്യു.വിന്റെ വിലക്ക് വന്നത്.
സസ്‌പെന്‍ഷനെക്കുറിച്ച് യു.ഡബ്ല്യു.ഡബ്ല്യു.വില്‍നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ അവരുടെ ഔദ്യോഗിക രേഖകളില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതായുള്ള വിവരങ്ങളുണ്ടെന്നും ബജ്‌റംഗ് പൂനിയ പറഞ്ഞു. 2024 ഡിസംബര്‍ 31 വരെയാണ് സസ്‌പെന്‍ഷന്‍. അതേസമയം നാഡയുടെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കെത്തന്നെയും ബജ്‌റംഗിന് വിദേശ പരിശീലനത്തിനായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഒന്‍പത് ലക്ഷത്തോളം രൂപ അനുവദിച്ചു.
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ 23- നാണ് ബജ്‌റംഗിനെ നാഡ സസ്‌പെന്‍ഡ് ചെയ്തത്. സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും എന്നാല്‍ സാമ്പിളെടുക്കാന്‍ കൊണ്ടുവന്ന കിറ്റ് കാലഹരണപ്പെട്ടതായിരുന്നെന്നുമാണ് ബജ്‌റംഗ് പൂനിയയുടെ വാദം. ഇക്കാര്യത്തില്‍ ഡോപ്പ് കണ്‍ട്രോള്‍ ഓഫീസറോട് വിശദീകരണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണ് ബജ്‌റംഗ് പൂനിയ.
