സെമി വിജയം ആഘോഷിക്കുന്ന റയൽ മാഡ്രിഡ് ടീം | Photo: AFP
ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ റയല്‍, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെ നേരിടും
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ അവസാന നിമിഷങ്ങളില്‍ പുറത്തെടുക്കാറുള്ള അദ്ഭുതങ്ങള്‍ തുടര്‍ന്ന് റയല്‍ മാഡ്രിഡ് ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ 87-ാം മിനിറ്റുവരെ ഒരു ഗോളിന് മുന്നിലായിരുന്ന ബയേണ്‍ മ്യൂണിക്കിനെതിരേ 88-ാം മിനിറ്റിലും ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റിലും ഹൊസേലു നേടിയ ഗോളുകളില്‍ ജയം സ്വന്തമാക്കി റയല്‍ ഫൈനലില്‍ കടന്നു. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിന്റെ ജയം. ആദ്യപാദത്തില്‍ ബയേണിനെ അവരുടെ മൈതാനത്ത് 2-2ന് തളച്ച റയല്‍ ഇരുപാദങ്ങളിലുമായി 4-3ന്റെ ജയത്തോടെയാണ് ഫൈനലില്‍ കടന്നത്. ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ റയല്‍, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെ നേരിടും.
ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ 18-ാം ഫൈനലാണിത്. റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സെലോട്ടിയുടെ ആറാം ചാമ്പ്യന്‍സ് ലീഗ് ഫൈനലും.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. ഇതിനിടെ റയലിന്റെ നിരവധി അവസരങ്ങള്‍ ബയേണ്‍ ഗോള്‍ മാനുവല്‍ നൂയര്‍ രക്ഷപ്പെടുത്തിയിരുന്നു. 13-ാം മിനിറ്റില്‍ തന്നെ വിനീഷ്യസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. 40-ാം മിനിറ്റില്‍ വിനീഷ്യസിന്റെ ക്രോസിൽ നിന്നുള്ള റോഡ്രിഗോയുടെ ഷോട്ട് നൂയര്‍ രക്ഷിച്ചെടുത്തു. 59-ാം മിനിറ്റിലും റോഡ്രിഗോയുടെ ഗോള്‍ശ്രമം നൂയര്‍ തടഞ്ഞു. തൊട്ടടുത്ത മിനിറ്റിലും വിനീഷ്യസിന്റെ ഷോട്ട് തടഞ്ഞിട്ട് നൂയര്‍ ബയേണിന്റെ രക്ഷയ്‌ക്കെത്തി.
എന്നാല്‍ 68-ാം മിനിറ്റില്‍ റയലിനെ ഞെട്ടിച്ച് അല്‍ഫോണ്‍സോ ഡേവിസ് ബയേണിനെ മുന്നിലെത്തിച്ചു. ഹാരി കെയ്‌നിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കയറിയ ഡേവിസ്, റയല്‍ ഗോളി ലുണിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു.
71-ാം മിനിറ്റില്‍ റയല്‍ ഗോള്‍ മടക്കിയെങ്കിലും ഇതിനു മുമ്പ് ബോക്‌സില്‍ നാച്ചോ, കിമ്മിച്ചിനെ മുഖത്തുപിടിച്ചു തള്ളുന്നത് വാര്‍ പരിശോധനയില്‍ കണ്ടെത്തിയതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു.
എന്നാല്‍ 87-ാം മിനിറ്റില്‍ അതുവരെ റയലിനെ പിടിച്ചുനിര്‍ത്തിയ നൂയറിന്റെ പിഴവില്‍ നിന്നുതന്നെ റയല്‍ സമനില ഗോള്‍ നേടി. വിനീഷ്യസിന്റെ ഷോട്ട് പിടിക്കാന്‍ ശ്രമിച്ച നൂയറിന്റെ കൈയില്‍ നിന്ന് പന്ത് വഴുതി വീണത് തൊട്ടുമുമ്പിലുണ്ടായിരുന്ന ഹൊസേലുവിന്റെ കാലില്‍. പകരക്കാരനായി ഇറങ്ങിയ താരം ഒട്ടും സമയംകളയാതെ പന്ത് ടാപ് ചെയ്ത് വലയിലാക്കി. റയല്‍ ഒപ്പത്തിനൊപ്പം (1-1).
പിന്നാലെ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ബയേണ്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഹൊസേലു റയലിന്റെ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി. റൂഡിഗറിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. ആദ്യം ഇത് ഓഫ്‌സൈഡാണെന്ന് തോന്നിയിരുന്നെങ്കിലും വാര്‍ പരിശോധിച്ച റഫറി ഗോള്‍ അനുവദിച്ചു.
