രവീന്ദ്ര ജഡേജയും ഭാര്യ റിവാബ എം.എൽ.എ.യും Photo | royalnavghan-instagram
ന്യൂഡല്‍ഹി: ഐ.പി.എല്‍. തിരക്കുകള്‍ക്കിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഗുജറാത്തിലെത്തി വോട്ടുചെയ്തു. മൂന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച ഗുജറാത്തിലെ ജാംനഗറിലെത്തിയാണ് ജഡേജ വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ റിവാബയ്‌ക്കൊപ്പം മഷി പുരണ്ട വിരല്‍ ഉയര്‍ത്തിക്കാണിച്ചുള്ള ചിത്രം ജഡേജ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.
‘എന്റെ വോട്ട്, എന്റെ അവകാശം’ എന്ന കുറിപ്പോടെ പോളിങ് ബൂത്തിന് മുന്നില്‍നിന്നുള്ള ചിത്രമാണ് പങ്കുവെച്ചത്. ഞായറാഴ്ച ധരംശാലയില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ പങ്കെടുത്തശേഷം വോട്ട് രേഖപ്പെടുത്തുന്നതിനായി ജാംനഗറിലേക്ക് തിരിച്ചതായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച അതിരാവിലെ സ്വന്തം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ജാംനഗര്‍ നോര്‍ത്ത് നിയമസഭാ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി.യെ പ്രതിനിധാനം ചെയ്ത് വിജയിച്ച എം.എല്‍.എ.യാണ് ഭാര്യ റിവാബ.
ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ ഉള്‍പ്പെടെയുള്ളവര്‍ വോട്ടുചെയ്യുന്ന ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഓള്‍റൗണ്ടറായി ഉള്‍പ്പെട്ട താരമാണ് രവീന്ദ്ര ജഡേജ. മേയ് പത്തിന് ഗുജറാത്തിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഗുജറാത്തുമായി ചെന്നൈ ഏറ്റുമുട്ടും.
