Photo | twitter.com/UmpireFourth

ധാക്ക: സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധകനെ ആക്രമിച്ച് ബംഗ്ലാദേശിന്റെ ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഷാക്കിബിനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ധാക്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയുള്ള വീഡിയോ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൂര്‍ണമെന്റില്‍ ജമാല്‍ ധന്‍മോണ്ടി ക്ലബിന്റെ താരമാണ് ഷാക്കിബ്. പ്രൈം ബാങ്ക് ക്രിക്കറ്റ് ക്ലബിനെതിരായ മത്സരത്തിന്റെ ടോസിന് മുന്നോടിയായാണ് സംഭവം. താരത്തിനൊപ്പം സെല്‍ഫിയെടുക്കാനായി എത്തിയതായിരുന്നു ആരാധകന്‍. ഷാക്കിബ് ആദ്യം വിലക്കിയെങ്കിലും ആരാധകന്‍ വീണ്ടും ശ്രമം നടത്തി. ഇതോടെ മര്‍ദിക്കുകയും കഴുത്തിനു പിടിക്കുകയുമായിരുന്നു.

ലോകക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഷാക്കിബ് അല്‍ ഹസന്‍. ബംഗ്ലാദേശിനുവേണ്ടി 67 ടെസ്റ്റുകളും 247 ഏകദിനങ്ങളും 117 ടി20കളും കളിച്ചിട്ടുണ്ട്. 2006-ല്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറിയ താരം 18 വര്‍ഷമായി ടീമിലുണ്ട്. ടി20യിലെ ഏറ്റവും പുതിയ ഐ.സി.സി. റാങ്കിങ് പ്രകാരം ലോക ഒന്നാംനമ്പര്‍ ഓള്‍റൗണ്ടറാണ് ഷാക്കിബ്. ഏകദിനത്തില്‍ ലോക രണ്ടാം നമ്പര്‍ താരവും ടെസ്റ്റില്‍ ലോക മൂന്നാം നമ്പര്‍ താരവുമാണ്.