ഉപദ്രവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ, അറസ്റ്റിലായ മെഹർ ജഹാൻ | Photo Courtesy: twitter.com/Contrarian_View & twitter.com/RTVnewsnetwork
ലഖ്‌നൗ: ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും പൊള്ളലേല്‍പ്പിക്കുകയുംചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിനിയായ മെഹര്‍ ജഹാനെയാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്.
മയക്കുമരുന്ന് നല്‍കി മയക്കിയശേഷം ഭാര്യ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമായിരുന്നു മെഹറിന്റെ ഭര്‍ത്താവ് മനാന്‍ സെയ്ദിയുടെ പരാതി. മയക്കികിടത്തിയ ശേഷം കൈകാലുകള്‍ കെട്ടിയിട്ടു. പിന്നാലെ സിഗരറ്റ് കൊണ്ട് ദേഹമാസകലം പൊള്ളലേല്‍പ്പിച്ചതായും മര്‍ദിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് യുവാവ് ഭാര്യക്കെതിരേ പരാതി നല്‍കിയത്.
ഭര്‍ത്താവിന്റെ ആരോപണങ്ങളെല്ലാം ശരിവെയ്ക്കുന്ന തെളിവുകളാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസിന് ലഭിച്ചത്. യുവതി ഭര്‍ത്താവിനെ നഗ്നനാക്കി മര്‍ദിക്കുന്നതും കൈകാലുകള്‍ കെട്ടിയിടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതിനുശേഷം ഭര്‍ത്താവിന്റെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിക്കാന്‍ ശ്രമിക്കുന്നതും സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ഇതോടെയാണ് പോലീസ് സംഘം പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, സമാനമായ ഉപദ്രവത്തിന്റെ പേരില്‍ ഭാര്യയ്‌ക്കെതിരേ നേരത്തെയും പോലീസില്‍ പരാതി നല്‍കിയിരുന്നതായാണ് മനാന്‍ സെയ്ദി പറയുന്നത്. നിലവിലെ കേസിനാസ്പദമായ സംഭവം നടന്നത് ഏപ്രില്‍ 29-നാണ്. പാലില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി യുവതി ഭര്‍ത്താവിന് കുടിക്കാന്‍ നല്‍കിയിരുന്നു. ഇത് കുടിച്ചതോടെ യുവാവ് അബോധാവസ്ഥയിലായി. തുടര്‍ന്ന് കൈകാലുകള്‍ കെട്ടിയിട്ടു. പിന്നാലെ ക്രൂരമായി ഉപദ്രവിച്ചെന്നും കത്തികൊണ്ട് ജനനേന്ദ്രിയം മുറിക്കാന്‍വരെ ശ്രമിച്ചെന്നും യുവാവിന്റെ പരാതിയിലുണ്ട്.
2023-ലാണ് യുവാവും യുവതിയും വിവാഹിതരായത്. വിവാഹശേഷം ഭാര്യയുടെ നിര്‍ബന്ധപ്രകാരം കുടുംബവീട്ടില്‍നിന്ന് മാറിത്താമസിച്ചെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഇതിനുശേഷമാണ് ഭാര്യ മദ്യപിക്കുന്നതും പുകവലിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഭാര്യയുടെ ഉപദ്രവവും പതിവായി. ചെറുക്കാന്‍ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നതായും യുവാവ് പറഞ്ഞു.
Trigger warning: Some readers may find the content of this video disturbing. Discretion is advised
