പുഷ്പ 2-ൽ അല്ലു അർജുൻ| ഫോട്ടോ: whatsapp.com/channel/0029Va9eMxRLSmbWFR707g3T
അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ കേരളത്തിലെ വിതരണാവകാശം കരസ്ഥമാക്കി ഇ 4 എന്റർടൈൻമെന്റ്സ്. കേരളത്തിലെ ഏറ്റവും വലിയ നിർമ്മാണ-വിതരണ കമ്പനികളിൽ ഒന്നായ ഇ 4 പുഷ്പ 2-വിന്റെ വിതരണം ഏറ്റെടുത്ത വിവരം സിനിമാപ്രേമികളെ ഏറെ ആവേശം കൊള്ളിക്കുന്നതാണ്. ഈ വർഷം ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.
2021ൽ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാൻ-ഇന്ത്യൻ ചിത്രം എന്ന വിളിപ്പേരിന് അർഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. മലയാളി നടൻ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അർത്ഥത്തിലും ബ്ലോക്ക്ബസ്റ്റർ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അർജുന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തിൽ എന്തുസംഭവിക്കും എന്ന് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചുകൊണ്ടാണ് ആദ്യഭാഗം അവസാനിച്ചത്.
മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേൽപ്പ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. അല്ലു അർജുൻ, രശ്മിക മന്ദന, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റർ ഹെയ്ൻ, കേച്ച കംഫാക്ഡീ, ഡ്രാഗൺ പ്രകാശ്, നബകാന്ത, നൃത്തസംവിധാനം: പ്രേം രക്ഷിത്, വിജയ് പോളാക്കി, സൃഷ്ടി വർമ, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, പിആർഒ: ആതിര ദിൽജിത്ത്.
