പത്തനംതിട്ട: തിരുവല്ലയില്‍ യുവതിക്കുനേരേ മദ്യപന്റെ ആക്രമണം. ഇരുചക്രവാഹന യാത്രക്കാരിയായ 25-കാരിയൊണ് മദ്യലഹരിയിലായിരുന്ന യുവാവ് വാഹനത്തില്‍നിന്ന് വലിച്ചുതാഴെയിട്ടത്. വീഴ്ചയില്‍ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ തിരുവല്ല സ്വദേശി ജോജോയെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവല്ല പോലീസ് സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ച ജോജോ, ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരിയെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിട്ടത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. സ്‌കൂട്ടറില്‍നിന്നുള്ള വീഴ്ചയില്‍ യുവതിക്ക് പരിക്കേറ്റു. സംഭവം കണ്ടയുടന്‍ ഓടിയെത്തിയ നാട്ടുകാരും പോലീസുമാണ് യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിയായ ജോജോയെയും ഉടന്‍തന്നെ പിടികൂടി.

അതേസമയം, ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി തിരികെകൊണ്ടുപോകുന്നതിനിടെ പ്രതിക്ക് നേരേയും ആക്രമണമുണ്ടായി. പരിക്കേറ്റ 25-കാരിയുടെ ബന്ധുക്കളാണ് പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ മര്‍ദിച്ചത്. പോലീസ് ജീപ്പിനുള്ളിലായിരുന്ന ജോജോയെ വാഹനത്തിന്റെ വാതില്‍തുറന്ന് മര്‍ദിക്കുകയായിരുന്നു. പ്രതിക്കുനേരേ യുവതികള്‍ ചെരിപ്പ് വലിച്ചെറിയുകയുംചെയ്തു. തുടര്‍ന്ന് പോലീസ് ബലംപ്രയോഗിച്ചാണ് ഇവരെ മാറ്റിയത്.

യുവതിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് ജോജോ തിരുവല്ല പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിരുന്നതായാണ് വിവരം. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് ജോജോയുടെ വീട്ടില്‍ മോഷണംനടന്നിരുന്നു. എന്നാല്‍, ഈ കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിരുന്നില്ല. ഇത് ചോദ്യംചെയ്യാനായാണ് ജോജോ മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ബഹളംവെച്ച ജോജോയെ പോലീസുകാര്‍ മടക്കി അയച്ചതിന് പിന്നാലെയാണ് ഇയാള്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചത്.