നരേന്ദ്ര മോദി, രാഹുൽ ഗാന്ധി | Photo: PTI
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ എന്തുകൊണ്ടാണ് ‘ അംബാനി-അദാനി’ വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്തതെന്ന് അദ്ദേഹം ആരാഞ്ഞു.
അഞ്ചുവര്‍ഷമായി കോണ്‍ഗ്രസിന്റെ രാജകുമാരന്‍ ഒരുകാര്യം മാത്രമാണ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. റഫാല്‍വിഷയത്തില്‍ ശിക്ഷിക്കപ്പെടാതെ കടന്നുകൂടിയതിന് പിന്നാലെ അദ്ദേഹം പുതിയൊരു മന്ത്രം ആരംഭിച്ചു. അഞ്ച് വ്യവസായികള്‍. അഞ്ച് വ്യവസായികള്‍. അഞ്ച് വ്യവസായികള്‍. ക്രമേണ അദ്ദേഹം അംബാനി-അദാനി എന്ന് പറയാന്‍ ആരംഭിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അംബാനിയെയും അദാനിയെയും ചീത്ത വിളിക്കുന്നത് അദ്ദേഹം നിര്‍ത്തി. ഇന്ന് തെലങ്കാനയുടെ മണ്ണില്‍നിന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്, അവര്‍ അംബാനിയില്‍നിന്നും അദാനിയില്‍നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണം. എന്തായിരുന്നു ഡീല്‍?. എന്തുകൊണ്ടാണ് അംബാനിയെയും അദാനിയെയും ചീത്ത വിളിക്കുന്നത് പെട്ടെന്ന് നിര്‍ത്തിയത്. എന്തോ കുഴപ്പമുണ്ട്. നിങ്ങള്‍ അഞ്ചുവര്‍ഷം അവരെ ചീത്തവിളിക്കുന്നു, പിന്നെ ഉടനെ അത് നിര്‍ത്തുന്നു, മോദി തെലങ്കാനയില്‍ പറഞ്ഞു.
മോദിസര്‍ക്കാര്‍ വന്‍വ്യവസായികളെ സഹായിക്കുന്നുവെന്ന് മുന്‍പ് പലതവണ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബി.ജെ.പി. സര്‍ക്കാര്‍ 22 ഇന്ത്യക്കാരെ മഹാകോടീശ്വരന്മാരാക്കിയെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കോടിക്കണക്കിന് ആളുകളെ ലക്ഷാധിപതികളാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
