രാധിക ഖേര ബിജെപി അംഗത്വം സ്വീകരിക്കുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ മീഡിയ കോ- ഓര്‍ഡിനേറ്ററായിരുന്ന രാധിക ഖേര ബിജെപിയില്‍ ചേര്‍ന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസിലുള്ളവര്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണമടക്കം ഉന്നയിച്ചാണ് അവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടത്. ഇന്നത്തെ കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസല്ലെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നശേഷം രാധിക ഖേര ആരോപിച്ചു. ‘രാമവിരുദ്ധ, ഹിന്ദു വിരുദ്ധ കോണ്‍ഗ്രസാണ് ഇന്നുള്ളത്. രാമഭക്തയായതിന്റെ പേരിലും രാം ലല്ല ദര്‍ശിച്ചതിന്റെ പേരിലും തന്നോട് മോശമായിട്ട് പെരുമാറി. ബിജെപി സര്‍ക്കാരിന്റെ സംരക്ഷണം ലഭിച്ചിരുന്നില്ലെങ്കില്‍ തനിക്ക് ഇവിടെയെത്താന്‍ കഴിയുമായിരുന്നില്ല – ബിജെപി പ്രവേശനത്തിന് ശേഷം രാധിക ഖേര മാധ്യമങ്ങളോട് പ്രതികരിച്ചു.

അയോധ്യയിൽ ദർശനം നടത്തിയതിനാലും ഹിന്ദുവായതിനാലും സനാതനധർമ്മത്തിൽ വിശ്വസിക്കുന്നതിനാലും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു രാധിക ഖേര കോൺ​ഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് രാജിവെച്ചത്. കോൺഗ്രസിനെതിരെ അവർ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

ചത്തീസ്ഗഢിലെ പാർട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി തള്ളിക്കയറ്റി പൂട്ടിയിട്ടുവെന്നും പാർട്ടിയിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും രാധിക പറഞ്ഞിരുന്നു. രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഒരു കോൺ​ഗ്രസ് നേതാവ് തനിക്ക് മദ്യം വാഗ്ദാനം ചെയ്യുകയും മദ്യലഹരിയിൽ പാർട്ടി പ്രവർത്തകർക്കൊപ്പം വാതിലിൽ മുട്ടുകയും ചെയ്തുവെന്ന് അവർ ആരോപിച്ചിരുന്നു. സച്ചിൻ പൈലറ്റിനോടും ജയറാം രമേശിനോടും പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും രാധിക വിമർശനം ഉന്നയിച്ചു.

നടൻ ശേഖർ സുമനും ബിജെപി അം​ഗത്വം സ്വീകരിച്ചു. ഇന്ന് താൻ ഇവിടെ ഇരിക്കുമെന്ന് ഇന്നലെ വരെ ചിന്തിച്ചിരുന്നില്ലെന്ന് ശേഖർ പറഞ്ഞു. ജീവിതത്തിൽ പലതും അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നു. ഇവിടെ എത്താനുള്ള നിയോ​ഗത്തിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

പാർട്ടി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, ദേശീയ മാധ്യമ വിഭാഗം ഇൻ-ചാർജ് അനിൽ ബലൂണി എന്നിവരുൾപ്പെടെ മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നും ഇരുവരുടെയും പാർട്ടി പ്രവേശനം.