Photo | AFP

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കുകയുള്ളൂവെന്ന് ബി.സി.സി.ഐ. ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പുറപ്പെടില്ലെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ബി.സി.സി.ഐ. നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമനുസരിച്ചാണ് ബി.സി.സി.ഐ. മുന്നോട്ടുപോകുകയെന്നും വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.

‘ചാമ്പ്യന്‍സ് ട്രോഫി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഞങ്ങളോടെന്ത് പറയുന്നുവോ അത് ചെയ്യും. കേന്ദ്രം അനുമതി നല്‍കിയാല്‍ മാത്രമേ ടീമിനെ അയക്കുകയുള്ളൂ. അതുകൊണ്ട് കേന്ദ്ര തീരുമാനമനുസരിച്ചാണ് ഞങ്ങള്‍ മുന്നോട്ട് പോകുക’, വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് സംസാരിക്കവേ രാജീവ് ശുക്ല പറഞ്ഞു.

2025 ഫെബ്രുവരിയിലും മാര്‍ച്ചിലുമായി പാകിസ്താനിലാണ് ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടക്കുക. 2008-ലെ ഏഷ്യാ കപ്പിനുശേഷം ഇന്ത്യ പാകിസ്താനില്‍ ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റും കളിച്ചിട്ടില്ല. തീവ്രവാദ വിഷയങ്ങളും സുരക്ഷാ ഭീഷണിയും മുന്‍നിര്‍ത്തിയാണ് ഇന്ത്യ പാകിസ്താന്‍ പര്യടനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

കഴിഞ്ഞവര്‍ഷം ഏഷ്യാ കപ്പിന് പാകിസ്താന്‍ ആതിഥ്യം വഹിച്ചിരുന്നെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍വെച്ചായിരുന്നു നടന്നത്. ഇന്ത്യ വിജയിച്ച ടൂര്‍ണമെന്റിലെ ഫൈനല്‍ കൊളംബോയില്‍ നടന്നു. കഴിഞ്ഞവര്‍ഷം ലോകകപ്പ് ഇന്ത്യയില്‍ നടന്നപ്പോള്‍ പാകിസ്താന്റെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടത്തണമെന്ന തരത്തില്‍ മുറവിളികളുണ്ടായിരുന്നു. എന്നാല്‍, പാകിസ്താന്റെ മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ത്തന്നെ നടന്നു.

അതേസമയം, അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ്‌ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറില്‍വെച്ച് നടത്തുന്നതിനെക്കുറിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നതായാണ് വിവരങ്ങള്‍. കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍വെച്ചാണ് മറ്റു മത്സരങ്ങള്‍. ലാഹോറില്‍വെച്ചാണ് ഫൈനല്‍ നടക്കുക. 2017-ല്‍ നടന്ന ചാമ്പ്യന്‍സ്‌ട്രോഫിയില്‍ പാകിസ്താനായിരുന്നു ചാമ്പ്യന്‍മാര്‍.