കൊല്ലപ്പെട്ട സന്തോഷ്, അറസ്റ്റിലായ ഷീബ, സുഹൃത്ത് സെബാസ്റ്റ്യൻ

നെടുമ്പാള്‍(തൃശ്ശൂര്‍): കിടപ്പുരോഗിയായ സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സഹോദരിയും സുഹൃത്തും അറസ്റ്റില്‍. നെടുമ്പാള്‍ വഞ്ചിക്കടവ് ചാമ്പറമ്പ് കോളനിയില്‍ കാരിക്കുറ്റി വീട്ടില്‍ സന്തോഷ് (45) കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരി ഷീബ(50), സുഹൃത്ത് പുത്തൂര്‍ പൊന്നൂക്കര കണ്ണമ്പുഴ വീട്ടില്‍ സെബാസ്റ്റ്യന്‍ (49) എന്നിവരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സന്തോഷിനെ മരിച്ചനിലയിൽ കണ്ടത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് രണ്ടരവർഷത്തോളമായി തളർന്ന്‌ കിടപ്പിലായിരുന്നു. സഹോദരിയും സുഹൃത്തുമാണ് മരണവിവരം സമീപവാസികളെ അറിയിച്ചത്.

തറയിൽക്കിടന്ന മൃതദേഹത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്തംഗവും വിവരം പോലീസിൽ അറിയിക്കാനൊരുങ്ങി. ഇത് ഷീബയും സെബാസ്റ്റ്യനും വിലക്കാൻ ശ്രമിച്ചതോടെ സംശയം വർധിച്ചു. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ സെബാസ്റ്റ്യൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ചിതലിന് തളിക്കുന്ന മരുന്ന് കുടിച്ചു.

ആശുപത്രിയിൽ ചികിത്സയിലാക്കിയ സെബാസ്റ്റ്യന് കാവൽ ഏർപ്പെടുത്തിയ പോലീസ് ചോദ്യംചെയ്തപ്പോഴാണ് ഷീബ കൊലപാതകവിവരം പറഞ്ഞത്.

കിടപ്പുരോഗിയായ സന്തോഷിനെ സെബാസ്റ്റ്യൻ ചങ്ങലകൊണ്ട് കഴുത്തുമുറുക്കി കൊന്നുവെന്നാണ് ഷീബ ആദ്യം പറഞ്ഞത്. പിന്നീട് വിശദമായി ചോദ്യംചെയ്തപ്പോൾ കൊലപാതകത്തിലെ പങ്കും ഷീബ സമ്മതിച്ചു. സന്തോഷിന്റെ വീട്ടിലാണ് സഹോദരിയും സുഹൃത്തും കഴിഞ്ഞിരുന്നത്. ഭർത്താവ് മരിച്ച ഷീബയും സെബാസ്റ്റ്യനും പത്തു വർഷത്തോളമായി പരിചയക്കാരും ഒന്നര വർഷമായി ഒന്നിച്ച് താമസിക്കുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് താമസിക്കാൻ വേറെയിടമില്ലാത്തതും കിടപ്പുരോഗിയായ സന്തോഷിനെ ഒഴിവാക്കാനുള്ള തീരുമാനവുമാണ് കൊലപാതകത്തിന് കാരണമായത്.