നരേന്ദ്ര മോദി, സാം പിത്രോദ
വാറംഗല്‍ (തെലങ്കാന): ഇന്ത്യക്കാരെക്കുറിച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സാം പിത്രോദയുടെ വിവാദപരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരെ നിറത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ അപമാനിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
എന്നെ അപമാനിച്ചോളൂ, പക്ഷേ ഇന്ത്യക്കാരെ നിറത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ അപമാനിക്കരുത്. അത് ഈ രാജ്യവും ഞാനും സഹിക്കില്ല. കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവാണ് ഇത്തരത്തില്‍ വംശീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ‘രാജകുമാരന്‍’ രാഹുല്‍ ഗാന്ധി അതിന് മറുപടി പറഞ്ഞേ മതിയാവൂ, മോദി ആവശ്യപ്പെട്ടു.
വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യ എത്ര നന്നായാണ് ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതെന്ന് വിവരിക്കുന്നതിനിടയിലായിരുന്നു പിത്രോദയുടെ വിവാദ പരാമര്‍ശം. ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ വെള്ളക്കാരെ പോലെയും ദക്ഷിണേന്ത്യയില്‍ ഉള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്നാണ് സാം പിത്രോദ പറഞ്ഞത്.
മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പിത്രോദ നടത്തിയത്. ഇടക്കുണ്ടാകുന്ന കലാപങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ 75 വര്‍ഷമായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമാധാനപരമായി ഒത്തൊരുമയോടെ ജീവിക്കാന്‍ കഴിയുന്നുണ്ടെന്നും വൈവിധ്യങ്ങള്‍ക്കിടയിലും നമ്മള്‍ ലോകത്തിലെ തന്നെ ജനാധിപത്യ രാജ്യങ്ങളുടെ ഉത്തമ ഉദാഹരണമാണ് എന്നുമായിരുന്നു പിത്രോദയുടെ പ്രസ്താവന.
പിത്രോദയുടെ പരാമര്‍ശം വംശീയമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വടക്കു-കിഴക്കന്‍ പ്രദേശവാസികളെ പ്രസ്താവനയിലൂടെ അപമാനിച്ചുവെന്ന് അരുണാചല്‍ പ്രദേശ് എം.പിയും കേന്ദ്ര മന്ത്രിയുമായ കിരണ്‍ റിജിജു പ്രതികരിച്ചു. ബി.ജെ.പി. ഭരിക്കുന്ന അസ്സം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പിത്രോദ മാപ്പു പറയണം എന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.
നേരത്തെ, സമ്പത്തിന്റെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട് പിത്രോദ നടത്തിയ പരാമര്‍ശങ്ങള്‍ ബി.ജെ.പി. പ്രചാരണായുധമാക്കിയിരുന്നു. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സിനേക്കുറിച്ച് നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായത്. സമ്പത്ത് പുനര്‍വിതരണം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി മോദി നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പിത്രോദയുടെ വിശദീകരണം. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനാണ് സാം പിത്രോദ.
