സച്ചിൻദേവ് എം.എൽ.എ., മേയർ ആര്യ രാജേന്ദ്രൻ
കോടതിയിലെത്തിയ സ്വകാര്യ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. സാക്ഷിമൊഴികളടക്കം രേഖപ്പെടുത്തിയുള്ള അന്വേഷണത്തിൽ ഇതിൽ പല വകുപ്പുകളും ഒഴിവാക്കിയേക്കും. പരിശോധനയ്ക്കു ശേഷം തെളിവില്ലാത്ത വകുപ്പുകൾ പോലീസിന് ഒഴിവാക്കാം.
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എ.യ്ക്കും എതിരായ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി. അഭിഭാഷകനായ ബൈജു നോയൽ, കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു എന്നിവർ വാദികളായി രണ്ടു കേസുകളാണ് കോടതിനിർദേശപ്രകാരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ബൈജുവിനോട് ചൊവ്വാഴ്ച മൊഴിയെടുക്കാൻ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല. വരുംദിവസങ്ങളിൽ മൊഴിയെടുക്കും. സംഭവം നടന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷിമൊഴികളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഡ്രൈവർ യദുവിന്റെ മൊഴിയും വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.
എന്നാൽ, തുടർനടപടികൾ വിശദമായ അന്വേഷണത്തിനു ശേഷമേ ഉണ്ടാകൂ. സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസായതിനാൽ പരാതിയിലെ വകുപ്പുകൾ നിലനിൽക്കുമോയെന്ന് അന്വേഷിച്ച ശേഷം പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മേയർ, എം.എൽ.എ. എന്നിവരടക്കം അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുള്ളത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തി. അതിക്രമം, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യംപറയൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബസിലെ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിലാണ് തെളിവുനശിപ്പിക്കലിന് മേയറുടെയും സംഘത്തിെന്റയും പേരിൽ കേസെടുത്തിട്ടുള്ളത്. സച്ചിൻദേവ് എം.എൽ.എ. അസഭ്യം പറഞ്ഞു എന്നതടക്കമുള്ള യദുവിന്റെ ആരോപണവും എഫ്.ഐ.ആറിലുണ്ട്.
എന്നാൽ, കോടതിയിലെത്തിയ സ്വകാര്യ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. സാക്ഷിമൊഴികളടക്കം രേഖപ്പെടുത്തിയുള്ള അന്വേഷണത്തിൽ ഇതിൽ പല വകുപ്പുകളും ഒഴിവാക്കിയേക്കും. പരിശോധനയ്ക്കു ശേഷം തെളിവില്ലാത്ത വകുപ്പുകൾ പോലീസിന് ഒഴിവാക്കാം. രണ്ട് കേസുകളും ഒരേ സംഭവത്തിലുള്ളതായതിനാൽ ഒന്നിച്ചായിരിക്കും അന്വേഷിക്കുക.
മേയർക്കെതിരേ മോശം പരാമർശം; യുവജന കമ്മിഷൻ കേസെടുത്തു
മേയർ ആര്യാ രാജേന്ദ്രനുൾപ്പെടെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതിന് യു ട്യൂബർക്കെതിരേ യുവജന കമ്മിഷൻ കേസെടുത്തു. സൂരജ് പാലക്കാരനെതിരേയാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്. ലൈംഗിക സ്വഭാവമുള്ളതും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയെന്നാണ് കണ്ടെത്തൽ. വിഷയത്തിൽ യുവജന കമ്മിഷൻ സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
