മമ്മൂട്ടിയും സുൽഫത്തും | Photo: instagram/ dq

45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു.

’45 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്‌നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.’ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനൊപ്പം യാത്രക്കിടെയെടുത്ത മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മകള്‍ മറിയത്തിനും ഉമ്മ സുല്‍ഫത്തിനും പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയത്തിന്റെ പിറന്നാള്‍ മെയ് അഞ്ചിനും സുല്‍ഫത്തിന്റെ പിറന്നാള്‍ മെയ് നാലിനുമാണ്.

മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികം മെയ് ആറിനുമാണ്. അടുത്തടുത്ത് മൂന്ന് ആഘോഷങ്ങള്‍ വരുന്നതിന്റെ സന്തോഷത്തെ കുറിച്ച് ദുല്‍ഖര്‍ നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

1979-മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരാകുന്നത്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ ജനിച്ചു. സുറുമി എന്നാണ് മകളുടെ പേര്. 1986-ല്‍ മകന്‍ ദുല്‍ഖറിനേയും ഇരുവരും വരവേറ്റു.