പ്രതികളായ സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണൻ

മാന്നാര്‍(ആലപ്പുഴ): സാമ്പത്തികത്തട്ടിപ്പുകേസില്‍ വീയപുരം പോലീസ് അറസ്റ്റുചെയ്ത പ്രതികളെ മാവേലിക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കു റിമാന്‍ഡുചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ പല്ലവനക്കാട്ടില്‍ സാറാമ്മ ലാലു (മോളി-58), മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം മാന്നാര്‍ കുരട്ടിക്കാട് നേരൂര്‍ വീട്ടില്‍ ഉഷാ ഗോപാലകൃഷ്ണന്‍ (50) എന്നിവരെയാണ് റിമാന്‍ഡുചെയ്തത്.

സാമ്പത്തികത്തട്ടിപ്പിനിരയായി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ പൂജാമുറിയില്‍ ജീവനൊടുക്കിയ മാന്നാര്‍ കുരട്ടിക്കാട് ഓങ്കാറില്‍ ശ്രീദേവിയമ്മയുപ്പെടെ പലരില്‍നിന്നായി ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പുനടത്തിയതായുള്ള പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റുചെയ്തത്. സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസരപ്രദേശങ്ങളിലും തട്ടിപ്പുനടത്തിയിട്ടുള്ളത്.

ശ്രീദേവിയമ്മ മരിക്കുന്നതിനു മുന്‍പുതന്നെ ഇതുമായി ബന്ധപ്പെട്ട് മാന്നാര്‍ പോലീസിലും കോടതിയിലും പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി ശ്രീദേവിയമ്മ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണിന് പരാതിനല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണച്ചുമതല വീയപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ക്കു കൈമാറിയത്.

ശ്രീദേവിയമ്മയുടെ മരണശേഷമാണ് വീയപുരം പോലീസ് അന്വേഷണംതുടങ്ങിയത്. ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.വീയപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മജിത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, പ്രതാപചന്ദ്രമേനോന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, പ്രതാപചന്ദ്രമേനോന്‍, സിവില്‍ പോലീസ് ഓഫീസര്‍ നിസാറുദ്ദീന്‍, വനിതാ എ.എസ്.ഐ. ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

ഒളിവില്‍ കഴിഞ്ഞത് പണം നല്‍കിയയാളിന്റെ വീട്ടില്‍

മാന്നാര്‍: മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ശ്രീദേവിയമ്മ ആത്മഹത്യചെയ്യാന്‍ കാരണമായ സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രതികളായ സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഒളിവില്‍ കഴിഞ്ഞത് സമാനരീതിയില്‍ തട്ടിപ്പിനിരയായ തിരുവല്ല കുറ്റൂര്‍ സ്വദേശി ജേക്കബ്ബിന്റെ വീട്ടിലായിരുന്നു.

ആറുലക്ഷം രൂപയാണ് സാറാമ്മ ലാലുവും ഉഷാ ഗോപാലകൃഷ്ണനും ജേക്കബ്ബിന്റെ കൈയില്‍നിന്നു വാങ്ങിയിട്ടുള്ളത്. ശ്രീദേവിയമ്മയുടെ മരണത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ തിരുവല്ല കുറ്റൂരുള്ള ജേക്കബ്ബിന്റെ വീട്ടില്‍ ചെന്നു. ജേക്കബ്ബിനു നല്‍കാനുള്ള പണം അടുത്തദിവസം തരാമെന്നും രണ്ടുദിവസം തങ്ങള്‍ക്ക് അഭയംതരണമെന്നും പറഞ്ഞു. ഇല്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നു പറഞ്ഞതോടെ പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ ജേക്കബ് താമസിക്കാന്‍ അനുവദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയ പോലീസിന് പ്രതികളില്‍ ഒരാളുടെ ബന്ധുവിന്റെ ഫോണില്‍നിന്ന് ഒരു നമ്പര്‍ ലഭിച്ചിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ജേക്കബ്ബിന്റെ വീട്ടില്‍നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ശ്രീദേവിയമ്മയുടെ കൈയില്‍നിന്ന് സംഘം 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണു പരാതി.

ശ്രീദേവിയമ്മയുടെ മരണശേഷമാണ് കൂടുതല്‍പേര്‍ പരാതിയുമായി എത്തിയത്. അര്‍ധസൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതില്‍ എ.സി. ശിവന്‍പിള്ള, വത്സലാഭവനില്‍ ടി.എന്‍. വത്സലാകുമാരി, നേരൂര്‍പടിഞ്ഞാറ് രമണി അയ്യപ്പന്‍, ശാന്തമ്മ എന്നിവരും എസ്.പി.ക്കു പരാതി നല്‍കിയിരുന്നു.

മാന്നാര്‍, ചെന്നിത്തല പ്രദേശങ്ങളില്‍നിന്നായി മൂന്നുകോടിയിലേറെ രൂപ ഇവര്‍ തട്ടിയെടുത്തതായി പറയുന്നു. കേന്ദ്രപദ്ധതിപ്രകാരം വനിതകള്‍ക്ക് തൊഴില്‍സംരംഭം തുടങ്ങുന്നതിനായി 10 കോടി രൂപ ലഭിക്കുമെന്നും അതിന്റെ പ്രാരംഭച്ചെലവുകള്‍ക്കായി കുറച്ചു പണംനല്‍കി സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ശ്രീദേവിയമ്മ ഉള്‍പ്പെടെയുള്ളവരെ സമീപിച്ച് തട്ടിപ്പു നടത്തിയത്.