Photo: AP
ന്യൂഡല്‍ഹി: ഒക്ടോബറില്‍ ബംഗ്ലാദേശില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടു. ഓസ്‌ട്രേലിയയും പാകിസ്താനും അടങ്ങുന്ന ഗ്രൂപ്പ് എ.യിലാണ് ഇന്ത്യ. ഒക്ടോബര്‍ ആറിന് സില്‍ഹട്ടില്‍ ഇന്ത്യന്‍ വനിതകള്‍ പാകിസ്താനെ നേരിടും. എ, ബി എന്നിങ്ങനെ അഞ്ച് ടീമുകള്‍ വീതമുള്ള ഗ്രൂപ്പുകളായാണ് തരംതിരിച്ചത്. ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെയായി ധാക്കയിലും സില്‍ഹട്ടിലുമാണ് മത്സരങ്ങള്‍.
ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസീലന്‍ഡ്, പാകിസ്താന്‍, യോഗ്യത നേടുന്ന ഒരു ടീം എന്നിവരാണ് എ ഗ്രൂപ്പിലുള്ളത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, യോഗ്യത നേടുന്ന രണ്ടാമത്തെ ടീം എന്നിവര്‍ ബി ഗ്രൂപ്പിലും ഉള്‍പ്പെടുന്നു. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ പ്രവേശിക്കും. ധാക്കയില്‍ ഒക്ടോബര്‍ മൂന്നിന് വൈകീട്ട് മൂന്നുമണിക്ക് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് ഏഴിന് ആതിഥേയരായ ബംഗ്ലാദേശ്, യോഗ്യത നേടുന്ന രണ്ടാമത്തെ ടീമിനെ നേരിടും.
ഒക്ടോബര്‍ നാലിന് സില്‍ഹട്ടില്‍ ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറിന് അതേ സ്‌റ്റേഡിയത്തില്‍ പാകിസ്താനെയും ഒന്‍പതിന് യോഗ്യത നേടുന്ന ആദ്യത്തെ ടീമിനെയും നേരിടും. 13-ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഒക്ടോബര്‍ 17-ന് ആദ്യ സെമി ഫൈനല്‍ സില്‍ഹട്ടിലും 18-ന് രണ്ടാം സെമി ഫൈനല്‍ ധാക്കയിലും നടക്കും. 20-ന് ധാക്കയിലാണ് കലാശപ്പോരാട്ടം.
ഒന്‍പതാമത്തെ വനിതാ ടി20 ലോകകപ്പാണ് ഇത്തവണത്തേത്. ഓസ്‌ട്രേലിയ ആറുതവണ ചാമ്പ്യന്മാരായി. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഓരോ തവണയും കിരീടം നേടി.
