ഡ്രൈവർ യദു, ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു സമര്‍പ്പിച്ച ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ആര്യാ രാജേന്ദ്രനും എം.എല്‍.എ. സച്ചിന്‍ ദേവിനുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യദുവിന്റെ ഹര്‍ജി സമര്‍പ്പിച്ചത്.
സമാന ആവശ്യം ഉന്നയിച്ച് അഭിഭാഷകന്‍ ബൈജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസ് എടുത്തിരുന്നു. ബൈജുവിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തും. കൂടുതല്‍ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പോലീസ് ശ്രമംതുടങ്ങി.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്തിയും സാക്ഷിമൊഴി രേഖപ്പെടുത്തും. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് മേയറും എം.എല്‍.എ.യും അടക്കം ആളുകളുടെപേരില്‍ കേസെടുത്തിട്ടുള്ളത്.
യദുവിന്റെ പരാതിയില്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചാല്‍ പുതിയ എഫ്.ഐ.ആര്‍. തയ്യാറാക്കും. ജോലി തടസ്സപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. ഏപ്രില്‍ 27-ന് രാത്രി പത്തോടെ പാളയം സാഫല്യം കോംപ്ലക്‌സിനുസമീപം വെച്ചായിരുന്നു സംഭവം.
മേയര്‍ ആര്യാ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ ദിവസം കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു ഡ്രൈവിങ്ങിനിടയില്‍ ഒരുമണിക്കൂറോളം മൊബൈലില്‍ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരില്‍നിന്ന് സംഭവംനടന്ന പാളയത്ത് എത്തുന്നതുവരെ യദു പലപ്പോഴായി ഒരു മണിക്കൂറോളം ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കെ.എസ്.ആര്‍.ടി.സി.ക്ക് റിപ്പോര്‍ട്ട് നല്‍കി.
