Photo | PTI
ധരംശാല: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ പഞ്ചാബ് കിങ്‌സ് ബൗളര്‍മാര്‍ക്കായി. എന്നാല്‍ പഞ്ചാബിനെ ആ സ്‌കോര്‍ ഭേദിക്കാന്‍ ചെന്നൈ ബൗളര്‍മാര്‍ അനുവദിച്ചില്ല. ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് ജയമൊരുക്കിയത്. 28 റണ്‍സിനാണ് ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടിയായി ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ. സ്‌കോര്‍: ചെന്നൈ-167/9. പഞ്ചാബ്-139/9.
43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. 26 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും നേടി 43 റണ്‍സ് സ്വന്തമാക്കിയ ജഡേജ അവസാന ഓവറിലാണ് പുറത്തായത്. നേരത്തേ മൂന്നുവീതം വിക്കറ്റുകള്‍ നേടിയ രാഹുല്‍ ചാഹറും ഹര്‍ഷല്‍ പട്ടേലും ചെന്നൈയെ ചെറിയ സ്‌കോറില്‍ ഒതുക്കിയിരുന്നു. 23 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറുമായി 30 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറെർ.
എട്ടാം ഓവറില്‍ ഋതുരാജ് ഗെയ്ക്വാദിനെയും ശിവം ദുബെയെയും രാഹുല്‍ ചാഹര്‍ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയതോടെ ചെന്നൈ പതറി. ശിവം ദുബെ വീണ്ടും ഗോള്‍ഡക്കായി. ഒരു ഘട്ടത്തില്‍ ആറ് റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ വീണതും ചെന്നൈയെ പ്രതിസന്ധിയിലാക്കി. ഋതുരാജ് ഗെയ്ക്വാദ് (32), ഡറില്‍ മിച്ചല്‍ (30), മോയിന്‍ അലി (17), ശര്‍ദുല്‍ താക്കൂര്‍ (17), മിച്ചല്‍ സാന്റ്നര്‍ (11) എന്നിവര്‍ രണ്ടക്കം കടന്നു. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലായിരുന്ന ചെന്നൈ പിന്നീട് ദുര്‍ബലമായ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.
19-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ അടുത്തടുത്ത പന്തുകളില്‍ ശര്‍ദുല്‍ താക്കൂറിനെയും ധോനിയെയും പുറത്താക്കി. ഏറെ ആരവങ്ങളോടെ ക്രീസിലെത്തിയ ധോനി ഗോള്‍ഡന്‍ ഡക്കായി മടങ്ങി. മികച്ച സ്ലോ ബോള്‍ യോര്‍ക്കര്‍ വഴിയാണ് ഇരുവരും പുറത്തായത്. ധോനി പുറത്തായതോടെ ഗാലറി ഒന്നടങ്കം നിശ്ശബ്ദമായി.
നാലോവറില്‍ 23 റണ്‍സ് വഴങ്ങിയാണ് രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതെങ്കില്‍ അത്രതന്നെ ഓവറില്‍ 24 റണ്‍സ് വഴങ്ങിയാണ് ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. നാലോവറില്‍ 42 റണ്‍സ് വഴങ്ങി അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് നേടി. നാലോവറില്‍ 34 റണ്‍സ് വഴങ്ങിയ ക്യാപ്റ്റന്‍ സാം കറന് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് രണ്ടാം ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റ് കളഞ്ഞു. തുഷാര്‍ ദേശ്പാണ്ഡെയുടെ ഓവറില്‍ ഓപ്പണര്‍ ജോണി ബെയര്‍ സ്‌റ്റോയും (7) റിലീ റുസോയും (പൂജ്യം) ആണ് മടങ്ങിയത്. പിന്നീട് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ശശാങ്ക് സിങ്ങും ചേര്‍ന്ന് എട്ടാം ഓവര്‍ വരെ പിടിച്ചുനിന്നു. ടീം സ്‌കോര്‍ 62-ല്‍ നില്‍ക്കേ, ശശാങ്ക് പുറത്തായി (20 പന്തില്‍ 27). ജഡേജ എറിഞ്ഞ അടുത്ത ഓവറില്‍ പ്രഭ്‌സിമ്രാനും (23 പന്തില്‍ 30) സിമര്‍ജീത് സിങ് എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും (പൂജ്യം) മടങ്ങിയതോടെ പഞ്ചാബ് പ്രതിസന്ധിയിലായി.
62 റണ്‍സില്‍ രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്ന ടീം 78-ലെത്തിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി. അതായത് 16 റണ്‍സിനിടെ തുലച്ചത് അഞ്ച് വിക്കറ്റുകള്‍. തുടര്‍ന്ന് ഒരു തിരിച്ചുവരവ് പഞ്ചാബിന് സാധ്യമാവുമായിരുന്നില്ല. 13-ാം ഓവര്‍ എറിഞ്ഞ ജഡേജ, സാം കറനെയും (7) അശുതോഷ് ശര്‍മയെയും (3) പുറത്താക്കിയതോടെ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടമായി.
ബൗളര്‍മാര്‍ ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഹര്‍പ്രീത് ബ്രാര്‍ (13 പന്തില്‍ 17), ഹര്‍ഷല്‍ പട്ടേല്‍ (13 പന്തില്‍ 12), രാഹുല്‍ ചാഹര്‍ (10 പന്തില്‍ 16), കഗിസോ റബാദ (10 പന്തില്‍ 11) എന്നിവരെല്ലാം രണ്ടക്കം കടന്നു. ചെന്നൈക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. തുഷാര്‍ ദേശ്പാണ്ഡെ, സിമര്‍ജീത് സിങ് എന്നിവര്‍ രണ്ടും മിച്ചല്‍ സാന്റ്‌നര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.
