പ്രജ്ജ്വൽ രേവണ്ണ | Photo: facebook.com/iPrajwalRevanna

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയ ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥി പ്രജ്ജ്വൽ രേവണ്ണയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ പിതാവ് എച്ച്ഡി രേവണ്ണയും അഭിഭാഷകനും നിർദേശിച്ചതായി റിപ്പോർട്ട്.

പ്രജ്ജ്വൽ ബെംഗളൂരുവിലെത്തി കേസന്വേഷിക്കുന്ന കർണാടക പോലീസിൻ്റെ എസ്ഐടി സംഘത്തിന് മുന്നിൽ കീഴടങ്ങാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ. ​ഗോവയിലേക്കോ മം​ഗളൂരുവിലേക്കോ പ്രജ്ജ്വൽ രക്ഷപ്പെടാതിരിക്കുന്നതിനായ് എസ്ഐടിയുടെ ഒരു സംഘം ബെംഗളൂരു വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിട്ടുള്ളതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രജ്ജ്വൽ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യം വിട്ടതായും ജർമ്മനിയിൽ ഉണ്ടെന്നും സൂചനകൾ പുറത്തുവന്നിരുന്നു. പ്രജ്ജ്വലിനെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെ സഹായം തേടി കർണാടക സർക്കാർ സി.ബി.ഐയേ സമീപിക്കുകയും ചെയ്തിരുന്നു.

അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവിൽ പാർപ്പിച്ച കേസിൽ പ്രജ്ജ്വലിൻ്റെ പിതാവ് എച്ച്‌ഡി രേവണ്ണയെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ രേവണ്ണയെ മെയ് 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനിൽ തിരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ ഉൾപ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രജ്വലിനെതിരേ അന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. അശ്ലീല വീഡിയോ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയും പരാതിയുമായി രംഗത്തെത്തി. പ്രജ്ജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയാണ് അതിജീവിത ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകിയത്. തുടർന്ന് പ്രജ്ജ്വൽ രേവണ്ണയെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.