പ്രതീകാത്മക ചിത്രം

ഇതിൽനിന്ന് ചോർത്തിയ ആയിരക്കണക്കിനു വ്യക്തിവിവരങ്ങൾ ഡാർക് വെബിൽ വിൽപ്പനയ്ക്കുവെച്ചിട്ടുണ്ടെന്നാണ് വിവരം. പോർട്ടലിൽനിന്ന് ചോർത്തിയ കേസുകളുടെ വിവരങ്ങളുപയോഗിച്ച് പോലീസുകാരെന്ന വ്യാജേന കക്ഷികളെ വിളിക്കാനും ഭീഷണിപ്പെടുത്താനും കുറ്റവാളികൾക്കു കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് സൈബർ കുറ്റകൃത്യങ്ങളിലേക്കുനയിക്കും.

ചെന്നൈ: മുഖത്തിന്റെ സവിശേഷതകൾ വിശകലനംചെയ്ത് കുറ്റവാളികളെയും കാണാതായവരെയും കണ്ടെത്തുന്നതിന് തമിഴ്‌നാട് പോലീസ് തയ്യാറാക്കിയ ഫേഷ്യൽ റെക്കഗ്‌നീഷൻ സോഫ്റ്റ് വെയർ (എഫ്.ആർ.എസ്.) പോർട്ടലിൽ കംപ്യൂട്ടർ ഭേദകർ നുഴഞ്ഞുകയറി. ഇതിൽനിന്ന് ചോർത്തിയ ആയിരക്കണക്കിനു വ്യക്തിവിവരങ്ങൾ ഡാർക് വെബിൽ വിൽപ്പനയ്ക്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.

എഫ്.ആർ.എസ്. പോർട്ടൽ ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം വലേറി എന്ന കംപ്യൂട്ടർ ഭേദകസംഘം ഏറ്റെടുത്തിട്ടുണ്ട്. സൈബർസുരക്ഷാ രംഗത്ത്‌ പ്രവർത്തിക്കുന്ന സ്ഥാപനമായ ഫാൽക്കൺഫീഡ്‌സാണ് പോർട്ടലിൽ കംപ്യൂട്ടർഭേദകർ നുഴഞ്ഞുകയറിയ വിവരം വെളിപ്പെടുത്തിയത്. എഫ്.ഐ.ആറുകളെപ്പറ്റിയുള്ള 8.9 ലക്ഷം രേഖകളും പോലീസുകാരെപ്പറ്റിയുള്ള 55,000 രേഖകളും പോലീസ് സ്റ്റേഷനുകളെപ്പറ്റിയുള്ള 2,700 രേഖകളുമാണ് ചോർത്തിയതെന്ന് ഫാൽക്കൺഫീഡ്‌സ് പറയുന്നു. എന്നാൽ, ഒരു സബ് ഇൻസ്‌പെക്ടറുടെ യൂസർ നെയ്മും പാസ്‌വേഡും ഉപയോഗിച്ചാണ് പോർട്ടലിൽ നുഴഞ്ഞുകയറിയതെന്നും ചുരുക്കം വിവരങ്ങൾ മാത്രമേ ചോർത്താൻ കഴിഞ്ഞിട്ടുണ്ടാവുകയുള്ളൂ എന്നുമാണ് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

പോർട്ടലിൽനിന്ന് ചോർത്തിയ കേസുകളുടെ വിവരങ്ങളുപയോഗിച്ച് പോലീസുകാരെന്ന വ്യാജേന കക്ഷികളെ വിളിക്കാനും ഭീഷണിപ്പെടുത്താനും കുറ്റവാളികൾക്കു കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് സൈബർ കുറ്റകൃത്യങ്ങളിലേക്കുനയിക്കും.

എഫ്.ആർ.എസ്. പോർട്ടലിലെ ചോർച്ചയെപ്പറ്റി തമിഴ്‌നാട് പോലീസിന്റെ സൈബർവിഭാഗം അന്വേഷണംതുടങ്ങി. അന്വേഷണത്തിനും വിവരസംരക്ഷണത്തിനും തമിഴ്‌നാട് ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ, തമിഴ്‌നാട് ഇ-ഗവേണൻസ് ഏജൻസി, സിഡാക്-കൊൽക്കത്ത എന്നിവയുടെ സഹായംതേടിയിട്ടുണ്ട്.

പോർട്ടൽ തുടങ്ങിയത് 2021-ൽ

കുറ്റാന്വേഷണം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി 2021-ലാണ് തമിഴ്‌നാട് പോലീസ് എഫ്.ആർ.എസ്. പോർട്ടൽ തുടങ്ങിയത്. കൊൽക്കത്ത സിഡാക് ആണ് വികസിപ്പിച്ചത്. കണ്ണുകൾ, മൂക്ക്, താടിയെല്ല് എന്നിവയുടെ കൃത്യമായസ്ഥാനം കംപ്യൂട്ടർ ശൃംഖലയിൽ ശേഖരിച്ച് ഇവയുടെ സവിശേഷതകളുടെ അടിസ്ഥാനത്തിൽ വ്യക്തികളെ തിരിച്ചറിയാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.

വിറ്റ രേഖകൾ 12 ലക്ഷം

പ്രഥമവിവര റിപ്പോർട്ടുകളും കുറ്റവാളികളുടെ മുഖത്തിന്റെ സവിശേഷതകളും പോലീസുകാരെയും പോലീസ് സ്റ്റേഷനുകളെയും സംബന്ധിച്ച വിവരങ്ങളുമടങ്ങുന്ന 60 ലക്ഷത്തോളം രേഖകളാണ് എഫ്.ആർ.എസ്. പോർട്ടലിലുള്ളത്. ഇതിൽനിന്നു ചോർത്തിയ 12 ലക്ഷത്തോളം രേഖകൾ അനധികൃതമായി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് സംവിധാനമായ ഡാർക് വെബിൽ വിൽപ്പനയ്ക്കുവെച്ചിട്ടുണ്ടെന്നാണ് വിവരസാങ്കേതികവിദ്യാരംഗത്തെ വിദഗ്ധർ പറയുന്നത്. ഭാവിയിൽ സൈബർ കുറ്റകൃത്യങ്ങൾക്കായി ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തിയേക്കുമെന്ന ആശങ്കയുയർന്നിട്ടുണ്ട്.