Photo | AP
ധരംശാല: ഹിമാചലില്‍ പഞ്ചാബ് കിങ്‌സിനെതിരേ നടന്ന ഐ.പി.എല്‍. മത്സരത്തില്‍ ആദ്യ പന്തില്‍ത്തന്നെ പുറത്തായി ചെന്നൈ സൂപ്പര്‍ താരം എം.എസ്. ധോനി. 19-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ സ്ലോവര്‍ യോര്‍ക്കര്‍ നേരിടുന്നതില്‍ ധോനി പരാജയപ്പെട്ടു. ഇതോടെ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. അതേ ഓവറിലെ തൊട്ടുമുന്നത്തെ പന്തില്‍ ശര്‍ദുല്‍ താക്കൂറും പുറത്തായിരുന്നു. താക്കൂറിനെ ക്ലീന്‍ ബൗള്‍ഡാക്കിയ അതേ ബോള്‍ തന്ത്രം തന്നെയണ് ധോനിക്കെതിരെയും പ്രയോഗിച്ചത്. പട്ടേലിന് മുന്നില്‍ ധോനിയുടെ കണക്കുകൂട്ടൽ പിഴച്ചു.
കൂറ്റനടിക്ക് ശ്രമിക്കവെയായിരുന്നു ധോനിയുടെ വിക്കറ്റ്. ഒന്‍പതാമതായാണ് ധോനി ക്രീസിലെത്തിയത്. ഐ.പി.എല്‍. ചരിത്രത്തില്‍ ഇതാദ്യമായാണ് ധോനി ഒന്‍പതാമത് ബാറ്റിങ്ങിനിറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നര്‍ പുറത്താവുമ്പോള്‍ നാലോവര്‍ ബാക്കിയുണ്ടായിരുന്നു. തുടർന്ന് ധോനി ഇറങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും ശര്‍ദുല്‍ താക്കൂറാണ് ബാറ്റ് ചെയ്യാനെത്തിയത്. സീസണില്‍ ധോനി ആദ്യമായാണ് ഗോള്‍ഡന്‍ ഡക്കാവുന്നത്.
താക്കൂര്‍ പുറത്തായപ്പോള്‍ ഗാലറിയില്‍ ആര്‍പ്പുവിളികളും ആരവങ്ങളുമായിരുന്നു. ധോനി ഇറങ്ങാന്‍ പോകുന്നതിന്റെ ആവേശം ഹിമാചല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും ഒട്ടും കുറവില്ലാതെ തുടര്‍ന്നു. പല തരത്തിലുള്ള ബാനറുകളും ഏഴാം നമ്പര്‍ പ്ലക്കാര്‍ഡുകളുമായി ഗാലറിയെ ആവേശം പൊതിഞ്ഞു. ആ ആരവങ്ങള്‍ക്കിടയിലൂടെയാണ് ധോനി ക്രീസിലെത്തിയത്. പക്ഷേ, വന്ന വഴിയെത്തന്നെ പെട്ടെന്ന് മടങ്ങേണ്ടിവന്നു.
അതേസമയം, ആരവം നിറഞ്ഞ ഗാലറിയെ ഒന്നടങ്കം നിശ്ശബ്ദമാക്കിയിട്ടും ആ വിക്കറ്റ് ഹര്‍ഷല്‍ പട്ടേല്‍ അധികം ആഘോഷിച്ചില്ല എന്ന പ്രത്യേകതയുമുണ്ട്. അത് മിഡ് ഇന്നിങ്‌സ് സംസാരത്തിനിടെ ഹര്‍ഷല്‍ തുറന്നുപറയുകയും ചെയ്തു. ഇതിഹാസ ക്രിക്കറ്ററോട് വലിയ ബഹുമാനമുണ്ടെന്നും അതിനാലാണ് കൂടുതല്‍ ആഘോഷിക്കാതിരുന്നതെന്നും ഹര്‍ഷല്‍ വ്യക്തമാക്കി. മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയതോടെ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി ഹര്‍ഷല്‍ പട്ടേല്‍ മാറി. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയ്ക്കും ഹര്‍ഷലിനും 17 വിക്കറ്റുകളാണ് ഇപ്പോഴുള്ളത്.
