കാറിനെ തടഞ്ഞ് അക്രമിക്കുന്ന അക്രമി സംഘം

ന്യൂഡല്‍ഹി: കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ പിന്തുടര്‍ന്ന് ഗുണ്ടാസംഘത്തിന്റെ ആക്രമണം. പാതിരാത്രി കഴിഞ്ഞ സമയത്ത് ആശുപത്രിയില്‍ പോകുകയായിരുന്ന കുടുംബത്തെയാണ് ബിഎംഡബ്ല്യു കാറിലെത്തിയ സംഘം കിലോമീറ്ററുകളോളം പിന്തുടരുകയും ആക്രമിക്കുകയും ചെയ്തത്. ഡല്‍ഹിക്കു സമീപം ഗ്രേറ്റര്‍ നോയിഡയിലാണ് ഞെട്ടലുളവാക്കുന്ന സംഭവം അരങ്ങേറിയത്. കാറിന്റെ ഡാഷ് ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മേയ് രണ്ടിന് രാത്രി ഒരുമണിയോടെ ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയിലാണ് സംഭവമുണ്ടായത്. എതിര്‍വശത്തുന്നുവന്ന ബിഎംഡബ്ല്യു കുടുംബം സഞ്ചരിക്കുകയായിരുന്ന കാറില്‍ തട്ടുംവിധത്തില്‍ അപകടകരമായ രീതില്‍ കടന്നുപോകുന്നത് വീഡിയോയില്‍ കാണാം. കടന്നുപോയ ബിഎംഡബ്ല്യൂ തിരിച്ചുവരികയും കുടുംബം സഞ്ചരിച്ച കാറിനെ ഭീതിജനകമായ വിധത്തില്‍ പിന്തുടരുകയും ചെയ്യുന്നു.

ഏറെദൂരം കാറിനെ പിന്തുടര്‍ന്ന ബിഎംഡബ്ല്യു പിന്നീട് മറികടന്ന് മുന്നില്‍കയി റോഡിനു കുറുകെ നിര്‍ത്തി. ബിഎംഡബ്ല്യു കാറില്‍നിന്ന് മൂന്നുപേര്‍ പുറത്തിറങ്ങുകയും കുടുംബത്തിന്‍റെ കാറിനു നേല്‍ക്ക് നടന്നടുക്കുകയും ചെന്നു. കൈയ്യിലിരുന്ന കുപ്പിയും മറ്റും കാറിനുനേര്‍ക്ക് വലിച്ചെറിയുന്നതും ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടെ ഡ്രൈവര്‍ കാര്‍ തിരിച്ച് തിരികെ ഓടിച്ചുപോകുകയും ചെയ്തു. ഇതോടെ ബിഎംഡബ്ല്യൂ വീണ്ടും കുടുംബത്തെ പിന്തുടരാന്‍ ആരംഭിച്ചു.

അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ അതിവേഗത്തില്‍ കാര്‍ ഓടിക്കുന്നതും കാറിലുള്ള കുടുംബം ഭയപ്പാടോടെ സഹായത്തിനായി അപേക്ഷിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. പത്തുമിനിറ്റോളം നീണ്ടുനിന്ന സംഭവവികാസങ്ങളാണ് വീഡിയോയിലുള്ളത്. പിന്നീട് കുടുംബം പോലീസില്‍ പരാതി നല്‍കി. ബിഎംഡബ്ല്യൂ കാറിന് നമ്പര്‍പ്ലേറ്റ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.