അക്രമത്തിൽ തകർന്ന കാർ | Photo: Twitter@INCIndia
ലഖ്നൗ: അമേഠിയിലെ കോൺഗ്രസ് പാർട്ടി ഓഫീസിനുനേരെ ആക്രമണം. അക്രമിസംഘം ഓഫീസിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു. ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം. അക്രമത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
അക്രമവിവരം പുറത്തായതോടെ നിരവധി പാർട്ടി പ്രവർത്തകരാണ് ഓഫീസിലേക്കെത്തിയത്. ജില്ലാ അധ്യക്ഷൻ സിംഗലും സ്ഥലത്തെത്തി. സി.ഒ മായങ്ക് ദ്വിവേദിക്കൊപ്പം വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. സംഭവത്തിൽ കൃത്യമായ അന്വേഷണമുണ്ടാകുമെന്നും ഉത്തരവാദികളായവർക്കെതിരെ തക്കതായ നടപടിയുണ്ടാകുമെന്നും പോലീസ് ഉറപ്പുനൽകി.
അമേഠിയിൽ സ്മൃതി ഇറാനിയും പ്രവർത്തകരും കടുത്ത ഭീതിയിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. ആസന്നമായ തോൽവിയിൽ നിരാശരായ ബി.ജെ.പി ഗുണ്ടകൾ കോൺഗ്രസ് ഓഫീസിലെത്തി വാഹനങ്ങൾ തകർത്തു. സംഭവസമയത്ത് പോലീസ് കാഴ്ചക്കാരായിരുന്നു. അമേഠിയിൽ ബി.ജെ.പി കനത്ത് തോൽവി ഏറ്റുവാങ്ങുമെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും കോൺഗ്രസ് എക്സിൽ കുറിച്ചു.
അമേഠിയിൽ രാഹുലിന് പകരം ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ കിശോരി ലാൽ ശർമയാണ് ഇത്തവണ സ്ഥാനാർഥി. രാഹുൽ ഗാന്ധി ഇക്കുറി റായ്ബറേലിയിൽ നിന്ന് മത്സരിക്കും. സോണിയാ ഗാന്ധി 1999-ൽ അമേഠിയിൽ ജയിക്കുകയും അടുത്തതവണ രാഹുലിന് മണ്ഡലം കൈമാറുകയുംചെയ്ത് കാൽനൂറ്റാണ്ടിനുശേഷമാണ് ഗാന്ധികുടുംബം അമേഠിയെ കൈയൊഴിയുന്നത്. 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ പരാജയപ്പെട്ടിരുന്നു.
