Photo: AP
മുംബൈ: 12 വര്‍ഷങ്ങള്‍ക്കു ശേഷം വാംഖഡെയിലെ മണ്ണില്‍ മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഓള്‍റൗണ്ട് മികവില്‍ 24 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. 2012-ലാണ് ഇതിനു മുമ്പ് കൊല്‍ക്കത്ത, വാംഖഡെയില്‍ മുംബൈയെ പരാജയപ്പെടുത്തിയത്. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയെ 18.5 ഓവറില്‍ 145 റണ്‍സിന് എറിഞ്ഞിട്ടാണ് കൊല്‍ക്കത്ത തങ്ങളുടെ ഏഴാം ജയം സ്വന്തമാക്കിയത്. ജയത്തോടെ 14 പോയന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫ് ബര്‍ത്തിനടുത്തെത്തി. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്തു.
19-ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ പിഴുത മിച്ചല്‍ സ്റ്റാര്‍ക്കാണ് കൊല്‍ക്കത്തയുടെ ജയം ഉറപ്പാക്കിയത്. 33 റണ്‍സ് വഴങ്ങിയ സ്റ്റാര്‍ക്ക് നാലു വിക്കറ്റുകള്‍ വീഴ്ത്തി. സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും നാല് ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആന്ദ്രേ റസ്സലും രണ്ടു വിക്കറ്റെടുത്തു.
ബാറ്റിങ് തകര്‍ച്ച നേരിട്ട മുംബൈക്കായുള്ള സൂര്യകുമാര്‍ യാദവിന്റെയും ടിം ഡേവിഡിന്റെയും പോരാട്ടം വിഫലമായി. 170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈ മുന്‍നിര, കൊല്‍ക്കത്ത ബൗളര്‍മാര്‍ക്കു മുന്നില്‍ പതറി. രണ്ടാം ഓവറില്‍ തന്നെ ഇഷാന്‍ കിഷന്‍ (13) പുറത്ത്. പിന്നാലെ നമന്‍ ധീറും (11) കാര്യമായ സംഭാവനയില്ലാതെ മടങ്ങി. പിന്നീട് ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ രോഹിത് ശര്‍മ (11), തിലര്‍ വര്‍മ (4), നേഹല്‍ വധേര (6), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (1) എന്നിവര്‍ വന്നപോലെ മടങ്ങിയതോടെ മുംബൈ 11.2 ഓവറില്‍ ആറിന് 71 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി.
എന്നാല്‍ ഏഴാം വിക്കറ്റില്‍ ടിം ഡേവിഡിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് ആക്രമണമഴിച്ചുവിട്ടതോടെ മുംബൈ ക്യാമ്പില്‍ പ്രതീക്ഷയുണര്‍ന്നു. 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിജയപ്രതീക്ഷയുയര്‍ത്തിയ ഈ സഖ്യം 16-ാം ഓവറില്‍ ആന്ദ്രേ റസ്സല്‍ പൊളിച്ചു. സൂര്യകുമാര്‍ പുറത്ത്. 35 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 56 റണ്‍സെടുത്തായിരുന്നു സൂര്യയുടെ മടക്കം. എങ്കിലും ഡേവിഡ് ക്രീസിലുണ്ടായിരുന്നത് പ്രതീക്ഷ നല്‍കി. പക്ഷേ 19-ാം ഓവറില്‍ ഡേവിഡിനെ, ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ച സ്റ്റാര്‍ക്ക് ആ പ്രതീക്ഷയും കെടുത്തി. പിന്നാലെ അതേ ഓവറില്‍ പിയുഷ് ചൗള (0), ജെറാള്‍ഡ് കോട്ട്‌സീ (8) എന്നിവരെയും മടക്കി കൊല്‍ക്കത്തയിക്ക് ജയമൊരുക്കുകയും ചെയ്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.
52 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 70 റണ്‍സെടുത്ത വെങ്കടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. വെങ്കടേഷിന് ഉറച്ച പിന്തുണ നല്‍കിയ മനീഷ് പാണ്ഡെ 31 പന്തുകള്‍ നേരിട്ട് 42 റണ്‍സെടുത്തു. രണ്ടു വീതം സിക്സും ഫോറുമടങ്ങുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്സ്.
പവര്‍പ്ലേയില്‍ മൂന്നു വിക്കറ്റുമായി നുവാന്‍ തുഷാര ആഞ്ഞടിച്ചതോടെ 6.1 ഓവറില്‍ അഞ്ചിന് 57 റണ്‍സെന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. ഫിലിപ്പ് സാള്‍ട്ട് (5), ആംക്രിഷ് രഘുവന്‍ശി (8), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (6) എന്നിവര്‍ തുഷാരയ്ക്ക് മുന്നില്‍ വീണപ്പോള്‍ സുനില്‍ നരെയ്നെ (8) ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങിനെ (9) പിയുഷ് ചൗളയും പുറത്താക്കി.
കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ട കൊല്‍ക്കത്തയെ ആറാം വിക്കറ്റില്‍ ഒന്നിച്ച വെങ്കടേഷ് അയ്യര്‍ – മനീഷ് പാണ്ഡെ സഖ്യം കരകയറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 83 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് കൊല്‍ക്കത്ത സ്‌കോര്‍ 100 കടത്തിയത്. ഒടുവില്‍ 17-ാം ഓവറില്‍ പാണ്ഡെയെ മടക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വെങ്കടേഷുമായുള്ള ധാരണപ്പിശകില്‍ ആന്ദ്രേ റസ്സല്‍ (7) റണ്ണൗട്ടായതോടെ വമ്പന്‍ സ്‌കോറിലേക്കെത്താമെന്ന കൊല്‍ക്കത്തയുടെ പ്രതീക്ഷ അവസാനിച്ചു.
പതിവുപോലെ റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയ ജസ്പ്രീത് ബുംറയാണ് മുംബൈ ബൗളര്‍മാരില്‍ തിളങ്ങിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ ബുംറ മൂന്ന് വിക്കറ്റും വീഴ്ത്തി. ടൂര്‍ണമെന്റില്‍ 17 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് തിരികെപ്പിടിക്കാനും താരത്തിനായി. നുവാന്‍ തുഷാരയും മൂന്ന് വിക്കറ്റെടുത്തു. ഹാര്‍ദിക് രണ്ടു വിക്കറ്റ് നേടി.
