എല്യൂഡ് കിപ്‌ച്ചോഗി | AFP
നയിറോബി: 20 വർഷംമുമ്പ് ഏഥൻസിൽ തുടങ്ങിയതാണ് ഈ ഓട്ടം. കൂടുതൽ ദൂരങ്ങൾ, റെക്കോഡുകൾ… കെനിയക്കാരനായ എല്യൂഡ് കിച്ച്‌ചോഗി ഓടിയോടി 39-ാം വയസ്സിൽ പാരീസിലും എത്തുന്നു. ദീർഘമായ മറ്റൊരു ഓട്ടത്തിനായി.
പാരീസ് ഒളിമ്പിക്‌സിൽ മാരത്തൺ ഓട്ടത്തിനുള്ള ആറംഗ കെനിയൻ ടീമിൽ കിപ്‌ച്ചോഗിയുമുണ്ട്. 2016, 2020 ഒളിമ്പിക്‌സുകളിലെ സ്വർണജേതാവ്, ഈയിനത്തിൽ മൂന്ന് ഒളിമ്പിക് സ്വർണം എന്ന റെക്കോഡ് ലക്ഷ്യമിട്ടാകും പാരീസിൽ ഇറങ്ങുക. എത്യോപ്യക്കാരനായ ഇതിഹാസതാരം അബാബെ ബിക്കിലയും (1960, 1964) ജർമനിയുടെ വാൾഡമർ സിയർപിൻസ്‌കിയും (1976, 1980) നേരത്തേ രണ്ടുവീതം സ്വർണംനേടിയിരുന്നു.
2004-ലെ ഏഥൻസ് ഒളിമ്പിക്‌സിൽ 5000 മീറ്ററിലായിരുന്നു കിപ്‌ച്ചോഗിയുടെ തുടക്കം. അന്ന് വെങ്കലംനേടി. 2008-ൽ ബെയ്ജിങ്ങിലെത്തിയപ്പോൾ അത് വെള്ളിയായി. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ 5000 മീറ്ററിൽ മെഡൽ നേടാനാകാതെവന്നതോടെയാണ് മാരത്തണിലേക്ക് തിരിഞ്ഞത്. അതോടെ ഓട്ടത്തിന്റെ പുതിയ അധ്യായം തുറക്കുകയായിരുന്നു. ലോക മാരത്തൺ ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ റെക്കോഡിട്ടു. 42.195 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ മത്സരം രണ്ടുമണിക്കൂറിൽക്കുറഞ്ഞ സമയത്ത് ഫിനിഷ് ചെയ്യുന്ന ആദ്യത്തെയാളായി. 2019-ൽ വിയന്നയിലായിരുന്നു ഈ പ്രകടനം. അനൗദ്യോഗിക മത്സരമായതിനാൽ ഇത് റെക്കോഡായി പരിഗണിക്കുന്നില്ല. രണ്ടുവർഷംമുമ്പ് ബെർലിനിൽ കുറിച്ച രണ്ടുമണിക്കൂർ 01 മിനിറ്റ് 09 സെക്കൻഡാണ് കിപ്ച്ചോഗിയുടെ മികച്ചസമയം.
കെവിന്റെ ഓർമ്മയിൽ
സമീപകാലത്ത് കെനിയയിൽനിന്നുതന്നെ കിപ്‌ച്ചോഗിക്ക് വലിയൊരു എതിരാളി ഉയർന്നുവന്നു. നിലവിലെ ലോകറെക്കോഡുകാരൻകൂടിയായ കെവിൻ കിപ്റ്റും. കഴിഞ്ഞവർഷം രണ്ടുമണിക്കൂർ 00.35 സെക്കൻഡിൽ ഫിനിഷ്‌ചെയ്ത് ലോകറെക്കോഡിട്ട കിപ്റ്റും ഒളിമ്പിക്സിലെ മെഡൽസാധ്യതയിൽ മുന്നിലായിരുന്നു. 24 വയസ്സുമാത്രമുള്ള കെവിൻ കഴിഞ്ഞ ഫെബ്രുവരി 11-ന് ഒരു കാറപകടത്തിൽ മരിച്ചത് രാജ്യത്താകെ വേദനയായി. ആ ഓർമയിലാകും ഇക്കുറി കെനിയൻ താരങ്ങൾ മത്സരിക്കാനിറങ്ങുക.
“ഒളിമ്പിക്‌സിൽ മത്സരിക്കുന്നതും മെഡൽ നേടുന്നതും സ്വപ്‌നംകണ്ടുകൊണ്ടാണ് കുട്ടിക്കാലംതൊട്ടേ ഓടുന്നത്. ഇപ്പോഴും അതെന്നെ മോഹിപ്പിക്കുന്നു” -ടീമിൽ ഉൾപ്പെട്ടശേഷം കിപ്‌ച്ചോഗി പറഞ്ഞു. ആറംഗ ടീമിൽ, വനിതാ മാരത്തണിലെ നിലവിലെ ജേതാവ് പെരസ് ജെപ്ചിർചിറുമുണ്ട്.
