Photo | http://www.facebook.com/sunrisershyderabad, twitter.com/vakugu
ഹൈദരാബാദ്: ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ആവേശം’ തിയേറ്ററില്‍ 130 കോടി കളക്ഷനും കഴിഞ്ഞ് മുന്നേറുകയാണ്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ പല മാസ് രംഗങ്ങളും റീല്‍സുകളായെത്തി കൈയടി നേടിയിരുന്നു. ചിലതെല്ലാം ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നില്‍ വരികയും ചെയ്തു. ഐ.പി.എലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ നായകനും ‘ആവേശം’ തലയ്ക്കുപിടിച്ചിരിക്കുകയാണിപ്പോള്‍. തരംഗമായ ആവേശം റീല്‍സ് അനുകരിച്ചിരിക്കുകയാണ് കമിന്‍സ്.
‘കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്/ കൊടുവാളെടുത്ത് ചുടു ദാരിക ചോരയില്‍ നീരാട്’ എന്ന ഫഹദിന്റെ രണ്ട് മുഖങ്ങള്‍ കാണിക്കുന്ന റീല്‍സാണ് കമിന്‍സ് അനുകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന്റെ വിലയിരുത്തല്‍ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ റീലില്‍.
തൂണിന്റെ ഒരുവശത്തേക്ക് ചെരിയുമ്പോള്‍ സന്തോഷത്തിന്റെ മുഖവും മറുവശത്തേക്ക് ചെരിയുമ്പോള്‍ ഗൗരവമാര്‍ന്ന മുഖവുമായാണ് കമിന്‍സ് പ്രത്യക്ഷപ്പെടുന്നത്. മുഖഭാവം മാറുന്നതിനൊപ്പം മത്സരത്തിന്റെ വിലയിരുത്തലും ക്യാപ്ഷനായി നല്‍കുന്നു. കളിയുടെ ഓരോ ഘട്ടത്തിലെയും വിലയിരുത്തലാണ് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. മത്സരം ഹൈദരാബാദിന് അനുകൂലമാകുന്ന ഘട്ടത്തില്‍ സന്തോഷത്തിന്റെ മുഖഭാവവും എതിരാകുന്ന ഘട്ടത്തില്‍ നിരാശയുടെ മുഖഭാവവുമാണ് കാണിക്കുന്നത്.
ഇതേ റീല്‍സിന് ചുവടുവെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളും രംഗത്തെത്തിയിരുന്നു. മതീഷ് പതിരണ, മുസ്താഫിസുര്‍റഹ്‌മാന്‍ എന്നിവരാണ് വീഡിയോയില്‍ പ്രത്യക്ഷപെട്ടത്.
