Photo | PTI
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ പ്ലേ ഓഫ് പ്രതീക്ഷപോലുമില്ലാതെ പുറത്താവലിന്റെ വക്കിലാണ്. കഴിഞ്ഞദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 24 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ മുംബൈയുടെ നില കൂടുതല്‍ പരുങ്ങലിലായി. ക്യാപ്റ്റന്‍ മാറിയതും അതേത്തുടര്‍ന്ന് രൂപപ്പെട്ട വിഭാഗീയതയുമെല്ലാം ടീമിന്റെ നിറംമങ്ങലിന് കാരണമായിട്ടുണ്ട്.
സീസണില്‍ മുംബൈ 11 മത്സരങ്ങള്‍ കളിച്ചപ്പോള്‍ എട്ടിലും തോറ്റു. മൂന്ന് വിജയങ്ങളില്‍ ആറ് പോയിന്റുമായി പട്ടികയില്‍ ഒന്‍പതാമതാണ് മുംബൈ. 10 കളികളില്‍ ആറ് പോയിന്റുമായി ബെംഗളൂരുവും തൊട്ടുപിന്നിലുണ്ട്. റണ്‍റേറ്റിന്റെ ആനുകൂല്യത്തിലാണ് മുംബൈ മുന്നില്‍ നില്‍ക്കുന്നത്. എന്നിരുന്നാല്‍പ്പോലും മുംബൈക്ക് വളരെ നേരിയ തോതിലുള്ള പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ടെന്നതാണ് വാസ്തവം. ശേഷിക്കുന്ന മൂന്ന് കളികളില്‍ മുംബൈ നിര്‍ബന്ധമായും ജയിക്കണം. അങ്ങനെ വന്നാല്‍ മുംബൈക്ക് ആകെ 12 പോയിന്റുകളാകും. പുറമേ, മറ്റു ടീമുകളുടെ പ്രകടനങ്ങളും ആശ്രയിക്കണം.
സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളുമായാണ് മുംബൈക്ക് ഇനി ഏറ്റുമുട്ടേണ്ടത്. അതേസമയം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ ഇനിയുള്ള ഒരു കളികളിലും ജയിക്കുകയുമരുത്. അങ്ങനെ സംഭവിച്ചാല്‍ മുംബൈ, ലഖ്‌നൗ, ഹൈദരാബാദ് ടീമുകള്‍ക്ക് ഒരേ പോയിന്റാവും.
അത് മാത്രവും പോരാ, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ ഇനിയുള്ള മത്സരങ്ങളില്‍ ഒന്നിലധികം വിജയം നേടാനും പാടില്ല. പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ രണ്ടിലധികം ജയവും നേടരുത്. ചെന്നൈ, ഡല്‍ഹി ഫ്രാഞ്ചൈസികള്‍ ഒന്നും പഞ്ചാബ്, ഗുജറാത്ത് ടീമുകള്‍ രണ്ടും വിജയങ്ങള്‍ നേടിയാല്‍ ആറ് ടീമുകള്‍ക്ക് 12 പോയിന്റ് വീതമാവും. ഇതില്‍നിന്ന് മികച്ച നെറ്റ് റണ്‍ റേറ്റുള്ള ടീമിന് പ്ലേ ഓഫില്‍ കടക്കാം. പക്ഷേ, ഈ സാഹചര്യങ്ങളെല്ലാം മുംബൈക്ക് അനുകൂലമായി വരിക എന്നത് അത്യന്തം കടുപ്പമുള്ള കാര്യമാണ്. അതിനാല്‍ത്തന്നെ കണക്കുകളില്‍ മുംബൈക്ക് ഇനിയും സാധ്യതകള്‍ കല്‍പ്പിക്കാമെങ്കിലും കടുത്ത ആരാധകര്‍ പോലും ആ വിധത്തില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
