Photo | twitter.com/MumbaiCityFC

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ കിരീടപോരാട്ടത്തിനിറങ്ങുമ്പോൾ മുംബൈ സിറ്റിക്കുമുന്നിൽ രണ്ട് എതിരാളികളാണ്. ആദ്യത്തേത് നിലവിലെ ചാമ്പ്യരായ മോഹൻബഗാൻ സൂപ്പർ ജയന്റ്‌സ്. രണ്ടാമത്തേത് സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞിരിക്കുന്ന അരലക്ഷത്തോളം ബഗാൻ ആരാധകർ. സീസണിലെ വിന്നേഴ്‌സ് ഷീൽഡിനായുള്ള നിർണായകപോരാട്ടത്തിൽ ആരാധകരുടെ ശക്തി മുംബൈ നേരിട്ടറിഞ്ഞതാണ്. ലീഗ് ഘട്ടത്തിൽ ആദ്യരണ്ട് സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് ഫൈനൽപോരാട്ടത്തിനും ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. ശനിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ്.

മോഹം രണ്ടാം കിരീടം

ഐ.എസ്.എലിൽ രണ്ടാം കിരീടമോഹവുമായാണ് മോഹൻ ബഗാൻ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ എ.ടി.കെ. മോഹൻ ബഗാൻ എന്നപേരിൽ അവർ കിരീടം നേടി. ഇത്തവണ മോഹൻബഗാൻ സൂപ്പർ ജയന്റ്‌സ് ആയാണ് വരവ്. അതിനുമുമ്പ് എ.ടി.കെ. എന്ന പേരിൽ ക്ലബ്ബ് മൂന്നുകിരീടം നേടി. ഇത്തവണ ലീഗ് ഷീൽഡും നേടിയതിനാൽ ക്ലബ്ബ് ഇരട്ടിമധുരം കൊതിക്കുന്നു. 2021-ൽ മുംബൈ കിരീടവും ഷീൽഡും ഒരുമിച്ച് നേടിയിട്ടുണ്ട്. അതേ നേട്ടമാണ് ബഗാന്റേയും ലക്ഷ്യം.

മുംബൈ സിറ്റിയുടെയും ലക്ഷ്യം രണ്ടാം കിരീടമാണ്. 2021-ൽ ടീം ആദ്യമായി ചാമ്പ്യരായി. ഇത്തവണ ഷീൽഡ് തട്ടിയെടുത്ത ബഗാനോട് പകരംവീട്ടാനുണ്ട്.

മുന്നേറ്റനിര

ബഗാൻ 3-5-2 ഫോർമേഷനിലാണെങ്കിൽ ദിമിത്രി പെട്രാറ്റോസും ജേസൺ കമിൻസുമാകും മുന്നേറ്റത്തിൽ. ഒറ്റ സ്‌ട്രൈക്കറാണെങ്കിൽ കമിൻസ് മുന്നിൽ കളിക്കും. അർമൻഡോ സാദിക്കു സസ്പെൻഷനിലായത് തിരിച്ചടിയാകും. പെട്രാറ്റോസ്-കമിൻസ് സഖ്യം അപകടകരമാണ്.

4-3-3 ഫോർമേഷനിൽ കളിക്കുന്ന മുംബൈ സിറ്റിക്കായി യോർഗെ പെരേര ഡയസ്- ലാലിയൻസുവാല ചാങ്‌തേ-വിക്രം സിങ് ത്രയമാണ് മുന്നേറ്റത്തിൽ. സെമിഫൈനലിന്റെ ഇരുപാദങ്ങളിലും ഗോൾനേടിയ ചാങ്‌തേയുടെ ഫോം ഫൈനലിൽ നിർണായകമാകും.

മധ്യനിര

മൻവീർസിങ്ങിനെയും ലിസ്റ്റൺ കൊളാസോയെയും വിങ്ങുകളിലും സഹൽ അബ്ദുസമദിനെ സെൻട്രൽ മിഡ്ഫീൽഡിലും കളിപ്പിക്കുന്ന ഗെയിംപ്ലാനാകും ബഗാന്റേത്. സഹൽ ഇല്ലെങ്കിൽ ഈ പൊസിഷനിൽ അനിരുദ്ധ് ഥാപ്പയാകും. ഡിഫൻസീവ് മിഡ്ഫീൽഡിൽ ജോണി കൗക്കോയും ദീപക് ടാഗ്രിയുമാകും.

ആൽബർട്ടോ നൊഗുവേരയെ സെൻട്രൽ മിഡ്ഫീൽഡിൽ കളിപ്പിച്ച് അപുയയും ജയേഷ് റാണയും ഇരുവശങ്ങളിലും കളിക്കുന്ന രീതിയിലാകും മുംബൈയുടെ പ്ലാൻ. അപുയയക്ക് ഡിഫൻസ് ഡ്യൂട്ടി കൂടിയുണ്ടാകും.

പ്രതിരോധം

മൂന്നംഗ പ്രതിരോധമാണ് ബഗാനുണ്ടാകുക. നായകൻ സുഭാഷിഷ് ബോസ്, അൻവർ അലി, ഹെക്ടർ യൂസ്ത എന്നിവർ കളിക്കും. സീസണിൽ മൂവരും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മുംബൈ പ്രതിരോധത്തിൽ നായകൻ രാഹുൽ ഭെക്കെ, താഹെർ ക്രൗമ, മെഹ്താബ് സിങ്, ടിറി എന്നിവരാകും. ലീഗ് റൗണ്ടിൽ കുറഞ്ഞഗോൾ വഴങ്ങിയ ടീമാണ് മുംബൈ.

ഗോൾ കീപ്പർ

വിശാൽ കെയ്ത് ബഗാനായി ഗോൾവല കാക്കാനിറങ്ങും. ഫുർബ ലാചെൻപയാണ് മുംബൈയുടെ ബാറിനുകീഴിലുണ്ടാകുക.

മുഖാമുഖം

മൊത്തം കളി 25

ബഗാൻ ജയിച്ചത് 7

മുംബൈ ജയിച്ചത് 11

സമനില 7