അന്തരിച്ച സം​ഗീതസംവിധായകൻ എ പ്രവീൺ കുമാർ | ഫോട്ടോ: http://www.instagram.com/apkpravee/?hl=en

കാലമെത്തുംമുന്നേ അസ്തമിച്ച നക്ഷത്രം, സംഗീതസംവിധായകന്‍ എ പ്രവീണ്‍ കുമാറിനെ തമിഴ് സിനിമാലോകം ഇനി ഇങ്ങനെ വിശേഷിപ്പിക്കും. ആരോഗ്യപ്രശ്‌നങ്ങളേത്തുടര്‍ന്ന് പ്രവീണ്‍ വിടപറഞ്ഞപ്പോള്‍, വെറും 28 വയസ്സ് മാത്രമായിരുന്നു പ്രായം.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രവീണ്‍. ആരോഗ്യനില കൂടുതല്‍ വഷളായതോടെ ബുധനാഴ്ച മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വ്യഴാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ പ്രവീണിന്റെ ആരോഗ്യപ്രശ്‌നം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. യുവസംഗീതസംവിധായകന്റെ അപ്രതീക്ഷിതവിയോഗം തമിഴ് സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേര്‍ അനുശോചനവുമായെത്തി.

എല്‍ടിടിഇ നേതാവ് പുലി പ്രഭാകരന്റെ ആദ്യകാല ജീവിതം പറയുന്ന ‘മേതഗു’ എന്ന ചിത്രത്തിനു സംഗീതം നല്‍കിയാണ് പ്രവീണ്‍ കുമാര്‍ ശ്രദ്ധേയനായത്. 2021ല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം നിയമ പ്രശ്‌നങ്ങളാല്‍ തിയറ്ററില്‍ റിലീസ് ചെയ്തിരുന്നില്ല. തുടര്‍ന്ന് ബിഎസ് വാല്യൂ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ‘രാക്കധന്‍’ ആണ് പ്രവീണിന്റെ ശ്രദ്ധേയമായ മറ്റൊരു ചിത്രം.

സെവപ്പി, കൊട്രവന്‍, മേതഗു 2 എന്നീ ചിത്രങ്ങള്‍ക്കും മിസ്റ്റര്‍ ഉത്തമന്‍ എന്ന മിനി വെബ് സീരീസിനും ഹേയ് കണ്ണാ എന്ന സം?ഗീത ആല്‍ബത്തിനും പ്രവീണ്‍ ഈണമിട്ടു. ഇതില്‍ കൊട്രവന്‍ എന്ന ചിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല.