മാളവികയുടേയും നവനീതിന്റേയും വിവാഹ ചിത്രങ്ങൾ | Photo: instagram/ sainu_whiteline

വെള്ളിയാഴ്ച രാവിലെയാണ് ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക വിവാഹിതയായത്. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷ് മാളവികയുടെ കഴുത്തില്‍ താലികെട്ടി. സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തു.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഏതൊരു മാതാപിതാക്കളുടേയും സ്വപ്‌നമാണ് മകളുടെ വിവാഹമെന്നും ജയറാമും പാര്‍വതിയും പ്രതികരിച്ചു. 32 വര്‍ഷം മുമ്പ് ഗുരുവായൂരപ്പന്റെ നടയില്‍ ഇതുപോലെ താലി കെട്ടാനുള്ള ഭാഗ്യം തങ്ങള്‍ക്കുണ്ടായെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

‘ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷങ്ങളാണിത്. വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയില്ല. ഗുരുവായൂരപ്പന്‍ ഈ വിവാഹം ഭംഗിയായി നടത്തിത്തന്നു. അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം. 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരപ്പന്റെ നടയില്‍ ഇതുപോലെ താലി കെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുമുണ്ടായി. അതുപോലെ മകളുടെ വിവാഹവും നടന്നതില്‍ സന്തോഷമുണ്ട്.’-ജയറാം പറയുന്നു.

മാളവികയെ കല്ല്യാണ മണ്ഡപത്തിലേക്ക് കൈപിടിച്ചുകൊണ്ടു വന്നത് ജയറാമാണ്. തുടര്‍ന്ന് ജയറാമിന്റെ മടിയിലിരുന്ന മാളവികയുടെ കഴുത്തില്‍ നവനീത് താലി ചാര്‍ത്തി. ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയായിരുന്നു മാളവികയുടെ വേഷം. തമിഴ് സ്റ്റൈലിലാണ് മാളവിക സാരിയുടുത്തത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ ഔട്ട്ഫിറ്റ്.

നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ്, മുല്ലപ്പൂവും ചൂടി അതീവസുന്ദരിയായിട്ടാണ് വധു മണ്ഡപത്തിലെത്തിയത്. ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്. മിഞ്ചിയും വിരല്‍ വരെ കോര്‍ത്തുവെച്ച വലിയ പാദസരവും അരപ്പട്ടയും വ്യത്യസ്തത നല്‍കി. പിന്നിലേക്ക് പിന്നിയിട്ട രീതിയിലാണ് മുടി സ്റ്റൈല്‍ ചെയ്തത്.

മാളവികയുടെ കഴുത്തില്‍ നവനീത് താലി ചാര്‍ത്തുന്നു | Photo: instagram/ sainu_whiteline

മാളവികയെ ഒരുക്കുന്ന വീഡിയോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഔട്ട്ഫിറ്റിന് യോജിക്കുന്ന രീതിയില്‍ ട്രഡീഷണല്‍ മേക്കപ്പാണ് വികാസ് മാളിവകയ്ക്കായി തിരഞ്ഞെടുത്തത്. മണികണ്ഠനാണ് മുടി സ്റ്റൈല്‍ ചെയ്തത്. സാരി ഭംഗിയായി ഉടുത്തുകൊടുത്തത് ബെന്‍സി രാജിയാണ്.

കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. കൂര്‍ഗിലെ മൊണ്‍ട്രോസ് ഗോള്‍ഫ് റിസോര്‍ട്ടില്‍വെച്ചാണ് അന്ന് ചടങ്ങുകള്‍ നടന്നത്. അതിനുശേഷം അടുത്ത കുടുംബാഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പാര്‍ട്ടിയും ഒരുക്കിയിരുന്നു. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.