Photo: AP

ചെന്നൈ: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിന്റെ അവസാന ഓവറില്‍ സഹതാരം ഡാരില്‍ മിച്ചലിന് സിംഗിള്‍ നിഷേധിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം എം.എസ് ധോനിക്കെതിരേ വന്‍ വിമര്‍ശനം. മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് എറിഞ്ഞ 20-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ഈ പന്ത് ധോനി ഡീപ് കവര്‍ ഭാഗത്തേക്ക് കളിച്ചു. റണ്ണെടുക്കാന്‍ സാധിക്കുമെന്ന് മനസിലാക്കിയ മിച്ചല്‍ ഓടാന്‍ തുടങ്ങി. എന്നാല്‍ സിംഗിള്‍ വേണ്ടെന്ന നിലപാടിലായിരുന്ന ധോനി മിച്ചല്‍ ഓട്ടം തുടങ്ങിയത് ശ്രദ്ധിച്ചത് പോലുമില്ല.

ധോനി ഓടുമെന്ന് പ്രതീക്ഷിച്ച മിച്ചല്‍ ബാറ്റിങ് ക്രീസിനടുത്തെത്തിയെങ്കിലും ഓടാന്‍ കൂട്ടാക്കാതിരുന്ന ധോനി മിച്ചലിനെ തിരികെ അയക്കുകയായിരുന്നു. തിരിഞ്ഞോടിയ മിച്ചല്‍ കഷ്ടിച്ചാണ് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. അടുത്ത പന്തില്‍ ധോനിക്കാകട്ടെ റണ്ണെടുക്കാനും സാധിച്ചില്ല. പിന്നാലെ അഞ്ചാം പന്ത് സിക്‌സറിന് പറത്തിയ ധോനി അവസാന പന്തില്‍ റണ്ണൗട്ടാകുകയും ചെയ്തു.

എന്നാല്‍ ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും മറ്റും ധോനിക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ധോനിയുടെ സ്വാര്‍ഥതയാണ് ഇതിലൂടെ തെളിഞ്ഞതെന്നാണ് പലരുടെയും വിമര്‍ശനം. ക്രിക്കറ്റ് പോലൊരു ടീം ഗെയിമില്‍ ധോനി ഒരിക്കലും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് മുന്‍താരം ഇര്‍ഫാന്‍ പത്താന്‍ വിമര്‍ശിച്ചു. മിച്ചലിന് സിംഗിള്‍ നിഷേധിച്ചത് ഒരു ടീം ഗെയിമില്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയിലായിരുന്നു പത്താന്റെ വിമര്‍ശനം. മറുവശത്ത് വാലറ്റക്കാരോ ബൗളര്‍മാരോ ആയിരുന്നെങ്കില്‍ ധോനി ചെയ്തത് മനസിലാക്കാം. എന്നാല്‍ അപ്പുറത്തുണ്ടായിരുന്നത് ഒരു രാജ്യാന്തര താരമായിരുന്നുവെന്നും പത്താന്‍ പറഞ്ഞു.

എങ്കിലും ചെന്നൈ മത്സരം ഏഴു വിക്കറ്റിന് തോറ്റു.