Photo: PTI
പിച്ചിന്റെയും ബോളിന്റെയും കണക്ക് ഒത്തുവന്നാല്‍ ടീം ഇന്ത്യയിലെ സ്പിന്‍വിഭാഗം ‘രാകുല്‍ച’യുടെ പിടിയിലാകും. വലിയൊരു ഇടവേളയ്ക്കുശേഷം ഒരുമിച്ച് ഇന്ത്യന്‍ ടീമിലെത്തിയ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഒരുമിച്ച് മത്സരത്തിനിറങ്ങാനുള്ള സാധ്യതകളേറെയാണ്. ഇവര്‍ക്കൊപ്പം രവീന്ദ്ര ജഡേജയുടെ ഇടംകൈ സ്പിന്‍കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ സ്പിന്‍ത്രയം ‘രാകുല്‍ച’യാകും.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് കുല്‍ദീപ് യാദവിനെയും യുസ്വേന്ദ്ര ചാഹലിനെയും ചേര്‍ത്ത് ‘കുല്‍ച’ എന്ന് വിളിച്ചുതുടങ്ങിയത്. 2018-ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇരുവരും ചേര്‍ന്ന് 33 വിക്കറ്റ് നേടയതോടെയാണ് ഈ പേരുവീണത്. 2019 ഏകദിന ലോകകപ്പുവരെ ഈ സ്പിന്‍ ദ്വയത്തിന്റെ പ്രതാപകാലമായിരുന്നു. പിന്നീട് ഇതിലൊരാള്‍ക്ക് അവസംകിട്ടുമ്പോള്‍ മറ്റേയാള്‍ പുറത്തായി. മഹേന്ദ്രസിങ് ധോനി നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് കഷ്ടകാലം തുടങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ മീഡിയം പേസറായി ടീമിലുണ്ടായിരുന്നപ്പോള്‍ ഇരുവര്‍ക്കും അവസരം ലഭിച്ചിരുന്നു. എന്നാല്‍, ഹാര്‍ദികിന് പരിക്കേല്‍ക്കുകയും രവീന്ദ്ര ജഡേജ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ എന്നനിലയില്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ കുല്‍ചയില്‍ ഒരാള്‍മാത്രം ടീമിലെന്ന സ്ഥിതിയായി. ഇപ്പോഴിതാ അതേ ജഡേജയും കുല്‍ചയും ഒരുമിച്ച് ഇന്ത്യക്കായി മധ്യ ഓവറുകളിലെ വിക്കറ്റുവേട്ടയ്ക്കായി ഇറങ്ങാന്‍ സാധ്യത തുറക്കുന്നു.
