റിങ്കു സിങ്

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ റിങ്കു സിങ്ങിനെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനം. ടീമില്‍ മികച്ച ഫിനിഷര്‍ ഇല്ലെന്ന് വിലയിരുത്തല്‍

അമിത ആവേശമോ അതിസാഹസികതയോ ഇല്ലാതെ, നിലവിലെ സാചഹര്യത്തില്‍ ലഭ്യമായ ഏറ്റവും മികച്ച ടീമിനെയാണ് ട്വന്റി 20 ലോകകപ്പിനായി ഇന്ത്യന്‍ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. അധികം കളിച്ചുപരിചയമില്ലാത്ത യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് മത്സരങ്ങള്‍ എന്നത് അവരുടെ വെല്ലുവിളി കൂട്ടി. അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം എന്തെന്ന് അറിയില്ല, രണ്ടുമാസത്തോളം തുടര്‍ച്ചയായി ഐ.പി.എലില്‍ കളിച്ചാണ് ഇന്ത്യയുടെ മിക്കതാരങ്ങളും ലോകകപ്പിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ ലഭ്യമായ വിഭവങ്ങളെ ഏറ്റവും നന്നായി ഉപയോഗിക്കുക എന്നതായിരുന്നു സെലക്ടര്‍മാരുടെ നയം.

ഫിനിഷര്‍ റോളില്‍ വിശ്വസ്തനില്ല എന്നതാണ് ഈ ടീം നേരിടുന്ന പ്രധാനവിമര്‍ശനം. ഐ.പി.എലിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലെത്തി സമീപകാലത്ത് 15 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ 89 റണ്‍സ് ശരാശരിയില്‍ 356 റണ്‍സെടുത്ത റിങ്കു സിങ്ങിനെ തഴഞ്ഞതിലാണ് പരാതി. റിങ്കുവിന് 176.23 സ്ട്രൈക്ക് റേറ്റുമുണ്ട്. അദ്ദേഹത്തിനു പകരം ഫിനിഷര്‍ റോളിലേക്ക് തിരഞ്ഞെടുത്ത ശിവം ദുബെ 21 ടി 20-യില്‍ നേടിയത് 276 റണ്‍സാണ് (39.42 ശരാശരി, 145.26 സ്ടൈക്ക് റേറ്റ്).

ഈ ഐ.പി.എലില്‍ 50 റണ്‍സ് ശരാശരിയില്‍ ദുബെ 350 റണ്‍സടിച്ചു (സ്ടൈക്ക് റേറ്റ് 171.56). ഒപ്പം പാര്‍ട്ട് ടൈം ബൗളര്‍ എന്നതും ദുബെക്ക് അനുകൂലമായെങ്കിലും ഇംപാക്ട് പ്ലെയറായി ഇറങ്ങാറുള്ള താരം ഇത്തവണത്തെ ഐ.പി.എലില്‍ ഒരു മത്സരത്തില്‍ മാത്രമാണ് പന്തെറിഞ്ഞത്.

ഫിനിഷര്‍ റോളിലെ മറ്റൊരാളും ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ട്. യഥാര്‍ഥഫോമിലേക്കുയര്‍ന്നാല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ഹാര്‍ദിക്, കുറെക്കാലമായി തന്റെ മികവിലേക്കുയരുന്നില്ല. പരിക്കുമൂലം പലഘട്ടങ്ങളിലും ടീമിനു പുറത്തായി. ബൗളിങ്ങില്‍നിന്ന് പൂര്‍ണമായി വിട്ടുനിന്നു. ഇപ്പോഴും മുഴുവന്‍ ഓവറുകളും എറിയുമെന്നുറപ്പില്ല. ഒരുകാലത്ത് ഇന്ത്യന്‍ ടീമിന്റെ ഭാവിക്യാപ്റ്റനായി വിലയിരുത്തപ്പട്ട ഹാര്‍ദിക്, ഈ ഐ.പി.എലിലെ 10 കളിയില്‍ നേടിയത് 197 റണ്‍സാണ് (ശരാശരി 21.89, സ്ട്രൈക്ക് റേറ്റ് 150.38). 10 കളിയില്‍ 23 ഓവര്‍ എറിഞ്ഞ് ആറുവിക്കറ്റ് നേടി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 176 സ്ട്രൈക്ക് റേറ്റില്‍ ബാറ്റുവീശുന്ന റിങ്കു സിങ് എന്ന ഫിനിഷര്‍ ഉണ്ടായിരിക്കെയാണ്, അതിനേക്കാള്‍ കുറഞ്ഞശരാശരിയും സ്ട്രൈക്ക് റേറ്റുമുള്ള രണ്ടുപേരെ, മറ്റു പരിഗണനകളുടെപേരില്‍ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്.