രാമപ്പ തിമ്മാപുർ | Photo: Facebook/ RB Timmapur
ബെംഗളൂരു: ഹിന്ദുദൈവമായ ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് മറികടക്കാനാണ് ജെ.ഡി.എസ്. നേതാവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ശ്രമമെന്ന് കര്‍ണാടക മന്ത്രി രാമപ്പ തിമ്മാപുര്‍. പ്രജ്വലിനെതിരായ ലൈംഗികപീഡനാരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയപുരയിലെ പൊതുപരിപാടിയിലായിരുന്നു പരാമര്‍ശം.
ഇതിനേക്കാള്‍ മോശമായ സംഭവം രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. ഇത് ഗിന്നസ് റെക്കോര്‍ഡായി മാറും. ശ്രീകൃഷ്ണന്‍ ഭക്തിയോടെ നിരവധി സ്ത്രീകളോടൊപ്പം ജീവിച്ചു. എന്നാല്‍ അതുപോലയല്ല പ്രജ്വലിന്റെ കാര്യം. കൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാനാണ് അവന്റെ ശ്രമമെന്നാണ് തോന്നുന്നതെന്നും രാമപ്പ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി. രംഗത്തെത്തി. മന്ത്രിസഭയില്‍ അംഗമായ കോണ്‍ഗ്രസ് നേതാവ് ഭഗവാന്‍ കൃഷ്ണനെ അപമാനിച്ചു. അദ്ദേഹത്തെ എത്രയും പെട്ടെന്ന് മന്ത്രിസഭയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും നീക്കംചെയ്യണം. ഇല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകേണ്ടിവരുമെന്ന് മുന്‍മന്ത്രിയും ബി.ജെ.പി. നേതാവുമായ സി.ടി. രവി പറഞ്ഞു.
അതേസമയം, രാമപ്പ തിമ്മാപുരിന്റെ പരാമര്‍ശം കോണ്‍ഗ്രസ് തള്ളി. മന്ത്രിയുടെ പ്രസ്താവനയെ തള്ളുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതേ, ഇത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ജെ.ഡി.എസ്. എം.പിയും ഹാസനിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുള്‍പ്പെട്ട അശ്ലീലവീഡിയോകള്‍ പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ജെ.ഡി.എസ്. അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും മുന്‍മന്ത്രി എച്ച്.ഡി. രേവണ്ണയുടെ മകനുമാണ് പ്രജ്വല്‍.
