കിഷോരിലാൽ ശർമ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം, സ്മൃതി ഇറാനി |ഫോട്ടോ:PTI

അഭ്യൂഹങ്ങളും സസ്‌പെന്‍സും നിലനിര്‍ത്തികൊണ്ട് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലമായി മാറിയിരിക്കുകയാണ് അമേഠി. കാല്‍നൂറ്റാണ്ടിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നൊരാളെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ടാണ് ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് കോണ്‍ഗ്രസ് അന്ത്യംകുറിച്ചത്. പഞ്ചാബിയാണ് കിഷോരി ലാല്‍ ശര്‍മ. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നാണെങ്കിലും പതിറ്റാണ്ടുകളായി അമേഠിയിലും റായ്ബറേലിയിലും അവരുടെ നിഴലായി പ്രവര്‍ത്തിച്ച കിഷോരി ലാല്‍ ശര്‍മയെ മണ്ഡലത്തില്‍ പരിചയപ്പെടുത്തലിന്റെ ആവശ്യംവരില്ല. രാജീവ് ഗാന്ധിയും രാഹുലും സോണിയയും അമേഠിയിലും റായ്ബറേലിയിലും വിജയിച്ച് ഡല്‍ഹിയിലേക്ക് കയറുമ്പോള്‍ മണ്ഡലത്തില്‍ അവരെ പ്രതിനിധീകരിച്ചിരുന്നത് കെ.എല്‍ എന്ന പേരിലറിയപ്പെടുന്ന കിഷോരി ലാല്‍ ശര്‍മയായിരുന്നു.

തോല്‍വി പേടിച്ച് രാഹുല്‍ ഒളിച്ചോടിയതാണെന്ന ആരോപണം പ്രധാനമന്ത്രി മോദിയും ബിജെപിയും ഉന്നയിച്ചുകഴിഞ്ഞു.

‘കിഷോരി ലാല്‍ ശര്‍മജിയുമായി ഞങ്ങളുടെ കുടുംബത്തിന് ദീര്‍ഘകാല ബന്ധമുണ്ട്. അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളെ സേവിക്കുന്നതില്‍ അദ്ദേഹം എപ്പോഴും സമര്‍പ്പണം ചെയ്തിട്ടുണ്ട്. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം തന്നെ ഉദാഹരണം. കിഷോരി ലാല്‍ ജിയെ അമേഠിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് ആഹ്ലാദകരമായ കാര്യമാണ്. കടമകളോടുള്ള അദ്ദേഹത്തിന്റെ വിശ്വസ്തതയും അര്‍പ്പണബോധവും ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും വിജയം നല്‍കും’ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുകയുണ്ടായി.

സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ പ്രതികരണത്തിനായി എത്തിയ മാധ്യമങ്ങളുടെ മുന്നിലേക്ക് ആദ്യം പ്രത്യക്ഷപ്പെടാന്‍ തയ്യാറാകാതിരുന്ന കിഷോരിലാല്‍ ശര്‍മ തന്റെ പ്രകൃതം തുറന്ന് കാണിക്കുക കൂടിയാണ് ചെയ്തത്. ചാനല്‍ മൈക്കുകളും ക്യാമറകളും വരുമ്പോള്‍ ഒഴിഞ്ഞുമാറിയിരുന്ന കെ.എല്‍ എന്നും സോണിയയയുടെയും ഗാന്ധി കുടുംബത്തിന്റെ നിശബ്ദ വാക്താവായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ച സ്മൃതി ഇറാനിയെ അമേഠിയില്‍ നേരിടാന്‍ പാര്‍ട്ടി തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിന് നിഴലുകള്‍ക്കുള്ളില്‍ ഒതുങ്ങാനാകില്ല. 40 വര്‍ഷമായി താനിവിടെയുണ്ടെന്നും കഠിനാധ്വാനം ചെയ്യുമെന്നും കെ.എല്‍.ശര്‍മ പറഞ്ഞുവെക്കുമ്പോള്‍ മണ്ഡലത്തില്‍ തനിക്കുള്ള സ്വാധീനം പ്രകടമാക്കുകയാണ് അദ്ദേഹം.

പഞ്ചാബിലെ ലുധിയാന സ്വദേശിയായ കിഷോരി ലാല്‍ ശര്‍മ 40 വര്‍ഷം മുമ്പാണ് യുപിയിലെത്തുന്നത്. 1983-ലാണ് അദ്ദേഹം റായ്ബറേലിയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസിലായിരിക്കെ രാജീവ് ഗാന്ധി ഒപ്പംകൂട്ടിയ കെ.എല്‍ ശര്‍മ പിന്നീട് അമേഠിയില്‍ അദ്ദേഹത്തിന്റെ മാനേജരായി. 1991-ല്‍ രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷവും മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ശര്‍മ 1999-ലും 2004 ലിലും സോണിയ ഗാന്ധിയെ ലോക്‌സഭയിലേക്കെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. തുടര്‍ന്ന് സോണിയ റായ്ബറേലിയിലേക്ക് മാറിയപ്പോള്‍ ശര്‍മയും കൂടെപ്പോയി. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായിരുന്നത് റായ്ബറേലി വിശ്വസ്തന്റെ കരങ്ങളില്‍ സുരക്ഷതമാണെന്ന വിശ്വാസത്തിലായിരുന്നു. ഇപ്പോള്‍ പഴയ കോട്ട തിരിച്ചുപിടിക്കാന്‍ വിശ്വസ്തനായ ലെഫ്റ്റനന്റിനെ ഏല്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസും സോണിയയും.

കോണ്‍ഗ്രസ് കോട്ട കാക്കുകമോ

2004 മുതല്‍ 2014 വരെ തുടര്‍ച്ചയായി മൂന്ന് തവണ അമേഠിക്കാര്‍ തങ്ങളുടെ പ്രതിനിധിയായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തു. എന്നാല്‍ 2014-ല്‍ പരാജയം ഏറ്റുവാങ്ങിയ സ്മൃതി ഇറാനി മണ്ഡലത്തില്‍ തുടര്‍ന്ന് തൊട്ടടുത്ത തവണ രാഹുലിനോട് പകരംവീട്ടി. അതോടെ 1977-ന് ശേഷം അമേഠിയില്‍ ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ പരാജയം ഏറ്റുവാങ്ങി. 55120 വോട്ടുകള്‍ക്കാണ് സ്മൃതി രാഹുലിനെ പരാജയപ്പെടുത്തിയത്. ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ അനന്തരഫലമായി 1977-ല്‍ സഞ്ജയ് ഗാന്ധിയാണ് അമേഠിയില്‍ പരാജയപ്പെട്ട ഗാന്ധി കുടുംബാംഗം. പിന്നീട് 1980-ല്‍ സഞ്ജയ് ഗാന്ധി മണ്ഡലം തിരിച്ചുപിടിച്ചു. 1981 മുതല്‍ പിന്നീട് അമേഠിയില്‍ രാജീവ് ഗാന്ധി യുഗമായിരുന്നു. രാജീവിന്റെ മരണംവരെ അത് തുടര്‍ന്നു. ഇതിനിടെ 1984-ല്‍ സഞ്ജയ് ഗാന്ധിയുടെ ഭാര്യ മനേക ഗാന്ധി രാജീവിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1991ല്‍ അമേഠിയിലെ വോട്ടെടുപ്പിന് ശേഷമാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. പിന്നീട് വോട്ടെണ്ണിയപ്പോള്‍ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് അമേഠി ഉപതിരഞ്ഞെടുപ്പിലേക്ക് പോകുകയും ചെയ്തു. ക്യാപ്റ്റന്‍ സതീശ് ശര്‍മയെ ആണ് കോണ്‍ഗ്രസ് അന്ന് സ്ഥാനാര്‍ഥിയാക്കിയത്. വിദ്യാധര്‍ ബാജ്‌പേയ്ക്ക് ശേഷം അമേഠിയില്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ആദ്യ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സതീശ് ശര്‍മ. ഉപതിരഞ്ഞെടുപ്പിലും 1996-ലെ തിരഞ്ഞെടുപ്പിലും സതീശ് ശര്‍മ വിജയക്കൊടി പാറിച്ചു. എന്നാല്‍ 1998-ല്‍ അദ്ദേഹത്തിന് അടിപതറി. ബിജെപിയുടെ സഞ്ജയ് സിന്‍ഹ് അമേഠി പിടിച്ചെടുത്തു. പിന്നീട് രാഹുലിന്റെ യുഗമായി. അതിന് തടയിട്ടത് കഴിഞ്ഞ തവണ സ്മൃതി ഇറാനിയാണ്. സതീശ് ശര്‍മയ്ക്ക് ശേഷം മറ്റൊരു ഗാന്ധി ഇതര സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തുമ്പോള്‍ അമേഠി തിരിച്ചുപിടിക്കുക തന്നെയാണ് ലക്ഷ്യം. രാജീവ് ഗാന്ധിയും സതീശ് ശര്‍മയും മുതല്‍ രാഹുലും സോണിയയും വരെയുള്ളവര്‍ക്കൊപ്പം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയംതന്നെയാണ് കെ.എല്‍.ശര്‍മയുടെ കരുത്ത്.