Photo: twitter.com
ഹൈദരാബാദ്: ഒന്നിലധികം ക്യാമറാ ആംഗിളുകളും സാങ്കേതികവിദ്യയുടെ സഹായവുമുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ ന്യായവും കൃത്യവുമായ തീരുമാനമെടുക്കുന്നതില്‍ തേര്‍ഡ് അമ്പയറുടെ പങ്ക് വളരെ വലുതാണ്. സാങ്കേതികവിദ്യയുടെയും മറ്റും പിന്തുണ ഇത്രയധികം ഉണ്ടായിട്ടും പലപ്പോഴും തേര്‍ഡ് അമ്പയര്‍മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പിഴയ്ക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തിലൊന്ന് വ്യാഴാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടയിലുമുണ്ടായി.
ഹൈദരാബാദ് താരം ട്രാവിസ് ഹെഡിന്റെ റണ്ണൗട്ടില്‍ തേര്‍ഡ് അമ്പയര്‍ എടുത്ത തീരുമാനമാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ആവേശ് ഖാന്‍ എറിഞ്ഞ ഹൈദരാബാദ് ഇന്നിങ്‌സിലെ 15-ാം ഓവറില്‍ ഫോമിലുള്ള ഹെഡിനെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ വിക്കറ്റിനു പിന്നില്‍ നിന്നുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കിയിരുന്നു.
തീരുമാനം ഫീല്‍ഡ് അമ്പയര്‍ തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. റീപ്ലേകളില്‍ ഹെഡിന്റെ ബാറ്റ് ക്രീസില്‍ തൊടുന്നതിനു മുമ്പുതന്നെ സഞ്ജുവിന്റെ ത്രോ ബെയ്ല്‍സിളക്കിയതായി വ്യക്തമായിരുന്നു. പക്ഷേ തേര്‍ഡ് അമ്പയര്‍ ഇത് നോട്ടൗട്ട് വിധിച്ചതോടെ രാജസ്ഥാന്‍ ക്യാമ്പില്‍ പ്രതിഷേധമുയര്‍ന്നു. റീപ്ലേയില്‍ ബാറ്റ് ക്രീസില്‍ എപ്പോള്‍ തൊട്ടുവെന്ന ഫ്രെയിം പരിശോധിക്കാതെയായിരുന്നു തേര്‍ഡ് അമ്പയറുടെ വിവാദ തീരുമാനം. ഇത് ചൂണ്ടിക്കാട്ടി ഡഗ്ഔട്ടിലുണ്ടായിരുന്ന രാജസ്ഥാന്‍ കോച്ച് കുമാര്‍ സംഗക്കാര നാലാം അമ്പയറെ സമീപിക്കുകയും ചെയ്തു.
എന്നാല്‍ ഹെഡിനെ നിര്‍ഭാഗ്യം വിട്ടിരുന്നില്ല. ആവേശിന്റെ തൊട്ടടുത്ത പന്തില്‍ ഷോട്ടിന് ശ്രമിച്ച ഹെഡിന് പിഴച്ചു. ബാറ്റില്‍ തട്ടിയ പന്ത് നേരേ വിക്കറ്റിലേക്ക്. 44 പന്തില്‍ നിന്ന് 58 റണ്‍സെടുത്തായിരുന്നു ഹെഡിന്റെ മടക്കം.
