ബ്രിട്ട്‌നി സ്പിയേഴ്‌സ്, സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം| Photo: https://twitter.com/BritneyTheStan/status/1786115257238184367/photo/1

ലോകമൊട്ടാകെ ആരാധകരുള്ള അമേരിക്കന്‍ പോപ്പ് താരമാണ് ബ്രിട്നി സ്പിയേഴ്‌സ്. സംഗീതം മാത്രമല്ല ബ്രിട്നിയുടെ വ്യക്തിജീവതവും വലിയ രീതിയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത് പതിവാണ്. പിതാവ് ജെയ്മി സ്പിയേഴ്സിനെ രക്ഷാകര്‍ത്തൃസ്ഥാനത്തുനിന്ന് നീക്കാന്‍ ബ്രിട്ടിന് 13 വര്‍ഷം നിയമപോരാട്ടം നടത്തിയത് വലിയ വാര്‍ത്താപ്രാധാന്യം സൃഷ്ടിച്ചിരുന്നു. മാനസിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ബ്രിട്നിയുടെ രക്ഷാകര്‍ത്തൃസ്ഥാനത്ത് പിതാവിനെ നിയമിച്ചിരുന്നത്. കേസില്‍ ജയിച്ച ശേഷം ബ്രിട്നിയുടെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ 112.13 കോടി രൂപയാണ് ഗായികയ്ക്ക് കരാര്‍ ഇനത്തില്‍ നല്‍കിയത്.

ബ്രിട്‌നിയുടെ ആരാധകര്‍ക്ക് ആശങ്കയുണ്ടാകുന്ന ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഒരു ഹോട്ടലില്‍ നിന്ന് അര്‍ധനഗ്നയായി ചെരുപ്പുകളിടാതെ ഗായിക പുറത്തുവരുന്ന ഒരു ചിത്രമായിരുന്നു അത്. തലയണയും ബ്രാങ്കറ്റും ഉപയോഗിച്ച് ബ്രിട്‌നി ശരീരം മറക്കാന്‍ ശ്രമിക്കുന്നുണ്ട്. കാമുകന്‍ പോള്‍ റിച്ചാര്‍ഡുമായുള്ള വഴക്കിന് ശേഷം ബ്രിട്‌നി പുറത്തുവന്ന ചിത്രമാണെന്നും പാരാമെഡിക്കല്‍ സേവനം തേടിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രം വലിയ ചര്‍ച്ചയായതോടെ ബ്രിട്‌നി തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് ബ്രിട്‌നി പറയുന്നത്.

‘ഇത് വ്യാജമാണ്. ഓരോ ദിവസം പിന്നിടും തോറും ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. സത്യം എല്ലായ്‌പ്പോഴും അപ്രിയമാണ്. ആര്‍ക്കെങ്കിലും നുണ പറയാന്‍ എന്നെ പഠിപ്പിക്കാന്‍ സാധിക്കുമോ? ആര്‍ത്തവകാലത്ത് നിയന്ത്രണം വിടുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍. കഴിഞ്ഞ ദിവസം എന്റെ കാലിന്റെ കുഴ തെറ്റി. അപ്പോഴാണ് പാരാമെഡിക്കല്‍ സര്‍വീസ് എന്റെ വാതില്‍ക്കല്‍ നിയമ വിരുദ്ദമായി വന്നത്. എനിക്കതൊരു ബുദ്ധിമുട്ട് പോലെ തോന്നിയത്’- ബ്രിട്‌നി കുറിച്ചു.