മുഖത്തെ മുറിവ് സ്വയം ചികിത്സിച്ചുണക്കിയ ഒറാങ്ങുട്ടാൻ

ഇൻഡൊനീ‌ഷ്യയിലെ ഗുനുങ് ലൂസര്‍ നാഷണല്‍ പാര്‍ക്കില്‍ 2022ലാണ് ഒറാങ്ങൂട്ടനെ പഠന സംഘം കണ്ടെത്തുന്നത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് ലേപനമാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്.

പരിക്കേറ്റ ഒറാങ്ങുട്ടാന്‍ ഔഷധ സസ്യമുപയോഗിച്ച് സ്വയം ചികിത്സ നടത്തിയ ഞെട്ടലില്‍ ശാസ്ത്രലോകം. ഔഷധ സസ്യത്തിന്റെ ഇല വായിലിട്ട് ചവച്ച് കുഴമ്പുരൂപത്തിലാക്കി കവിളിലെ മുറിവിൽ പുരട്ടിയാണ് ഒറാങ്ങൂട്ടാന്‍ ചികിത്സ നടത്തിയത്.

ഒരു മൃഗം സ്വന്തം മുറിവ് ഔഷധസസ്യമുപയോഗിച്ച് സ്വയം ചികിത്സിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ സംഭവമായാണ് ശാസ്ത്രലോകം കാണുന്നത്. മനുഷ്യരുടെയും വലിയ കുരങ്ങന്‍മാരുടെയും പൊതു പൂര്‍വ്വികനില്‍ നിന്നാവാം ഈ വിദ്യ ഇവര്‍ ആര്‍ജ്ജിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.

‘അവര്‍ നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളാണ്, ഈ സംഭവം നമ്മളും അവരും തമ്മിലുള്ള സമാനതകളിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുകയാണ്. നമ്മള്‍ അവരേക്കാള്‍ വ്യത്യസ്തരായിരിക്കുന്നതിനേക്കാളും സമാനരാണ്’, ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോളജിസ്റ്റും മുഖ്യ പ്രബന്ധ കര്‍ത്താവുമായ ഡോ. ഇസബെല്ല ലോമര്‍ പറഞ്ഞു.

ഇൻഡൊനീ‌ഷ്യയിലെ ഗുനുങ് ലൂസര്‍ നാഷണല്‍ പാര്‍ക്കില്‍ 2022ലാണ് ഒറാങ്ങൂട്ടനെ പഠന സംഘം കണ്ടെത്തുന്നത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് ലേപനമാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്.

മുഖത്ത് മുറിവേറ്റ ഒറാങ്ങുട്ടാൻ (ഇടത്ത്), മുറിവുണങ്ങിയ ശേഷമുള്ള ചിത്രം |AP

മറ്റ് ആണ്‍ ഒറാങ്ങുട്ടന്‍മാരുമായുള്ള പോര്‍വിളിക്കിടെ പരിക്കേറ്റതാകാമെന്നാണ് കരുതുന്നത്. പരിക്കേറ്റ ഒറാങ്ങുട്ടാന്‍ പ്രദേശത്തെ മനുഷ്യര്‍ മലേറിയക്കെതിരേയും പ്രമേങത്തിനെതിരെയും ഉപയോഗിക്കുന്ന ഔഷധ സസ്യമായ അകര്‍ കുനിങ് ആണ് പുരട്ടാനായി ഉപയോഗിച്ചത്.

ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ സസ്യമായ അകര്‍ കുനിംഗ് എന്ന ചെടിയുടെ തണ്ടും ഇലകളും പരിക്കേറ്റ ഒറാങ്ങുട്ടാന്‍ ചവച്ചരക്കുന്നതും കുഴമ്പുരൂപത്തിലാക്കിയ ഇല കവിളില്‍ മുറിവേറ്റ ഭാഗത്ത് ഏഴ് മിനുട്ടോളം വെക്കുന്നതും ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു. ചെടിക്കു ചുറ്റും നടന്ന് ഇലകള്‍ ശേഖരിക്കുന്നതും ചവച്ചരക്കുന്നതും കവിളില്‍ പുരട്ടുന്നതും മുപ്പത് മിനുട്ടോളം തുടരുന്നതും പഠന സംഘം കണ്ടു. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ മുറിവുണങ്ങിയുള്ള രോഗശമനവും നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ അടയാളം പോലും ബാക്കിവെക്കാതെ മുറിവ് പൂര്‍ണ്ണമായും ഭേദമായി.

ഔഷധ സസ്യമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഒറാങ്ങുട്ടാന്‍ ഈ മരുന്ന് വെച്ചതെന്നും പഠന സംഘം പറയുന്നു. കാരണം ഈ ചെടിയുടെ ഇല ഇവ പൊതുവെ ഭക്ഷ്യയോഗ്യമായി പരിഗണിക്കുന്നതല്ല. മാത്രവുമല്ല 30 മിനുട്ടോളം ഈ പ്രക്രിയ നീണ്ടതും ഈ ബോധ്യത്തില്‍ നിന്നു തന്നെയാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഒരു പക്ഷെ നീര് പുരട്ടിയപ്പോള്‍ വേദന കുറഞ്ഞതു കൊണ്ടു കൂടിയാവാം ഒറാങ്ങുട്ടാന്‍ ഇങ്ങനെ ചെയ്യുന്നത് ആവര്‍ത്തിച്ചതെന്നും പഠന സംഘത്തിലെ ഡോ. ലൂമര്‍ പറഞ്ഞു.

വലിയ കുരങ്ങുകള്‍ പൊതുവെ ഇത്തരം സ്വയം ചികിത്സിക്കുന്ന രീതി തുടര്‍ന്നിരുന്നുവെന്നതിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് മുമ്പെ തന്നെ ചില അറിവുകളുണ്ടായിരുന്നു. മുഖം മുഴുവന്‍ സസ്യലേപനം പുരട്ടിയ ചിമ്പന്‍സിയെ 1960ല്‍ ബയോളജിസ്റ്റ് ജെയിന്‍ ഗൂഡാല്‍ കണ്ടെത്തിയിരുന്നു. പക്ഷെ ഇത്തരത്തില്‍ ഒരു ജന്യ ജീവി സ്വയം മുറിവില്‍ പുരട്ടുന്നത് ആദ്യമായാണ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.