Photo: AP
ന്യൂഡല്‍ഹി: ഐപിഎല്‍ പ്ലേ ഓഫിനൊരുങ്ങുന്ന ടീമുകള്‍ക്ക് തിരിച്ചടിയായി ഇംഗ്ലീഷ് താരങ്ങളെ തിരിച്ചുവിളിക്കാനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ടി 20 ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കേ ടൂര്‍ണമെന്റിനു മുമ്പായി പാകിസ്താനുമായി ഇംഗ്ലണ്ടിന് ടി20 പരമ്പര കളിക്കാനുണ്ട്. ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായ ഈ പരമ്പരയില്‍ കളിക്കാനാണ് ബോര്‍ഡ് താരങ്ങളെ തിരിച്ചുവിളിച്ചിരിക്കുന്നത്.
പ്ലേ ഓഫ് ഉറപ്പിച്ച സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുമാണ് ഈ തീരുമാനം വലിയ തിരിച്ചടിയാകുക. രാജസ്ഥാന് ഫോമിലുള്ള ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ സേവനം നഷ്ടമാകും. ടൂര്‍ണമെന്റില്‍ രണ്ടു സെഞ്ചുറികള്‍ നേടിയ ബട്ട്‌ലറുടെ മടക്കം രാജസ്ഥാന്റെ കിരീടമോഹങ്ങള്‍ക്കടക്കം മങ്ങലേല്‍പ്പിക്കും. കൊല്‍ക്കത്തയ്ക്ക് മികച്ച ഫോമില്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിനെ നഷ്ടമാകും.
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്ന മോയിന്‍ അലി, ആര്‍സിബി ടീമിലുള്ള വില്‍ ജാക്‌സ്, റീസ് ടോപ്ലി, പഞ്ചാബ് കിങ്‌സില്‍ കളിക്കുന്ന ലിയാം ലിവിങ്സ്റ്റണ്‍, ജോണി ബെയര്‍സ്‌റ്റോ, സാം കറന്‍ എന്നിവര്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ടതായി വരും.
മേയ് 22-നാണ് പാകിസ്താനെതിരായ ഇംഗ്ലണ്ടിന്റെ ടി20 പരമ്പര ആരംഭിക്കുന്നത്. അതിനു മുമ്പുതന്നെ താരങ്ങള്‍ക്ക് ഇംഗ്ലീഷ് ക്യാമ്പില്‍ എത്തേണ്ടതായി വരും. മേയ് 21-നാണ് ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പാകിസ്താനെതിരായ പരമ്പരയ്ക്കു ശേഷം ലോകകപ്പിനായി ഇംഗ്ലണ്ട് ടീം മേയ് 31-ന് വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും. ജൂണ്‍ നാലിന് സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മത്സരം. നിലവിലെ ജേതാക്കളാണ് ഇംഗ്ലണ്ട്.
അതേസമയം ടി20 ലോകകപ്പിനുള്ള ഇംഗ്ലീഷ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജോസ് ബട്ട്‌ലര്‍ നയിക്കുന്ന ടീമില്‍ ജോഫ്ര ആര്‍ച്ചര്‍ തിരിച്ചെത്തിയിട്ടുണ്ട്. ക്രിസ് വോക്സ്, ഡേവിഡ് മലാന്‍, ബെന്‍ സ്റ്റോക്സ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സ്റ്റോക്ക്‌സ് നേരത്തേ പറഞ്ഞിരുന്നു.
ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലര്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, സാം കറന്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്ക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, മാര്‍ക്ക് വുഡ്.
