രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ | PTI, AFP

ന്യൂഡല്‍ഹി: നിരവധി ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച ടീമെന്ന രീതിയിലുള്ള പുകഴ്ത്തലുകള്‍ ഒരുവശത്തും, ചിലരെ അവഗണിച്ചെന്ന തരത്തിലുള്ള വാഗ്വാദങ്ങള്‍ മറുവശത്തും അരങ്ങേറിക്കൊണ്ടിരിക്കുന്നു. പക്ഷേ, ആശങ്കപ്പെടുത്തുന്ന മറ്റൊരുവശംകൂടി കാണാതിരുന്നുകൂടാ. ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചതിനുശേഷം നടന്ന ഐ.പി.എല്‍. മത്സരങ്ങളില്‍, അതിലുള്‍പ്പെട്ട താരങ്ങളില്‍ പലരും മോശം പ്രകടനമാണ് പുറത്തെടുത്തത്.

ടീം പ്രഖ്യാപനത്തിനു പിന്നാലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയത് അഞ്ച് പന്തില്‍ നാല് റണ്‍സ്. ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. സൂര്യകുമാര്‍ യാദവാവട്ടെ, ആറു പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ ശിവം ദുബെ രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നേടിയത് നാല് പന്തുകളില്‍ രണ്ട് റണ്‍സ് മാത്രം. ഇതിനിടെ വിരാട് കോലിയുടെ പേരിലായിരുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് സ്ഥാനവും വഴിമാറി. ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടാത്ത ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദാണ് പുതിയ ഓറഞ്ച് ക്യാപ് അവകാശി.