Photo: AFP

ചെന്നൈ: ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്‌സിന്റെ സ്വന്തം മൈതാനത്ത് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി പഞ്ചാബ് കിങ്‌സ്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ചെന്നൈയെ 162-ല്‍ ഒതുക്കിയ പഞ്ചാബ് 17.5 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സീസണില്‍ പഞ്ചാബിന്റെ നാലാം ജയമാണിത്. ചെന്നൈയുടെ അഞ്ചാം തോല്‍വിയും.

ജോണി ബെയര്‍സ്‌റ്റോ, റൈലി റൂസ്സോ എന്നിവരുടെ ഇന്നിങ്‌സാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. പ്രധാന ബൗളറായ ദീപക് ചാഹര്‍ രണ്ടു പന്തുകള്‍ മാത്രം എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങിയതും പരിക്കു കാരണം മതീഷ പതിരണയുടെ സേവനം നഷ്ടമായതും ചെന്നൈക്ക് കാര്യങ്ങള്‍ കടുപ്പമാക്കി.

163 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിന് നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ (13) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച ബെയര്‍‌സ്റ്റോ – റൂസ്സോ സഖ്യം മത്സരം പഞ്ചാബിന്റെ വരുതിയിലാക്കി. 64 റണ്‍സാണ് ഈ കൂട്ടുകെട്ട് പഞ്ചാബ് സ്‌കോര്‍ബോര്‍ഡിലെത്തിച്ചത്. 30 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 46 റണ്‍സെടുത്ത ബെയര്‍‌സ്റ്റോടെ മടക്കി ശിവം ദുബെ ഒടുവില്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.

എങ്കിലും റൂസ്സോ റണ്‍റേറ്റ് താഴാതെ കാത്തു. 12-ാം ഓവറില്‍ ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 23 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളുടെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്തിരുന്നു റൂസ്സോ.

നിലയുറപ്പിച്ചിരുന്ന രണ്ട് ബാറ്റര്‍മാരും പുറത്തായതോടെ മികച്ച ബൗളിങ്ങുമായി ചെന്നൈ, പഞ്ചാബിനെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ശശാങ്ക് സിങ് – ക്യാപ്റ്റന്‍ സാം കറന്‍ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഇരുവരും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശശാങ്ക് 25 രണ്‍സോടെയും കറന്‍ 26 റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ചെന്നൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ. പതിവുപോലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ ഇന്നിങ്‌സാണ് ചെന്നൈയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 48 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 62 റണ്‍സെടുത്ത് പുറത്തായി. വിരാട് കോലിയെ പിന്തള്ളി ഓറഞ്ച് ക്യാപ്പും ഋതുരാജ് സ്വന്തമാക്കി.

ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയെ പവര്‍പ്ലേയില്‍ തന്നെ പഞ്ചാബ് ബൗളര്‍മാര്‍ പൂട്ടി. എങ്കിലും 50 പന്തില്‍ നിന്ന് 64 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അജിങ്ക്യ രഹാനെ – ഋതുരാജ് സഖ്യത്തിന് സാധിച്ചു. ഒമ്പതാം ഓവറില്‍ രഹാനെയെ മടക്കി ഹര്‍പ്രീത് ബ്രാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 24 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 29 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ശിവം ദുബെയേയും (0) മടക്കിയ ഹര്‍പ്രീത് ചെന്നൈയെ പ്രതിരോധത്തിലാക്കി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സും അധികം നീണ്ടില്ല. രണ്ടു റണ്‍സ് മാത്രമെടുത്ത താരത്തെ രാഹുല്‍ ചാഹര്‍ വിക്കറ്റിന് മുന്നിൽ കുടുക്കി.

പിന്നാലെ ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ സമീര്‍ റിസ്വിയാണ് ഋതുരാജിനൊപ്പം പിടിച്ചുനിന്ന് സ്‌കോര്‍ 100 കടത്തിയത്. എങ്കിലും കാര്യമായ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കാതെ 23 പന്തില്‍ നിന്ന് 21 റണ്‍സുമായി റിസ്വി 16-ാം ഓവറില്‍ പുറത്തായി. മോയിന്‍ അലി ഒമ്പത് പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. ആരാധകരെ ആവേശത്തിലാക്കി 18-ാം ഓവറില്‍ ക്രീസിലെത്തിയ എം.എസ് ധോനി 11 പന്തില്‍ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 14 റണ്‍സെടുത്തു.

പഞ്ചാബിനായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഹര്‍പ്രീത് നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് എടുത്തു.